മിസോറമിൽ ലാൽഡുഹോമ അധികാരമേറ്റു
Saturday, December 9, 2023 1:17 AM IST
ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി സെഡ്പിഎം നേതാവ് ലാൽഡുഹോമ (73) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 11 മന്ത്രിമാരും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ ഏഴു പേർക്കു കാബിനറ്റ് പദവിയുണ്ട്.
40 അംഗ മിസോറം നിയമസഭയിൽ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാർ വരെയാകാം. സെഡ്പിഎം നിയമസഭാകക്ഷി ഉപനേതാവ് കെ. സാപ്ഡൻഗയാണ് ആഭ്യന്തരമന്ത്രി. ലാൽറിൻപുയി മിസോറമിലെ ആദ്യ വനിതാ മന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കി.
പ്രതിപക്ഷത്തെ എംഎൻഎഫ്, ബിജെപി, കോൺഗ്രസ് പാർട്ടികളുടെ മുഴുവൻ എംഎൽഎമാരും സത്യപ്രതിജ്ഞാചടങ്ങിനെത്തി. 40 അംഗ സഭയിൽ സെഡ്പിഎമ്മിന് 27 അംഗങ്ങളുണ്ട്. എംഎൻഎഫ്-10, ബിജെപി-2, കോൺഗ്രസ്-1 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില.