ജൂണിയർ മെഹമൂദ് അന്തരിച്ചു
Saturday, December 9, 2023 1:17 AM IST
മുംബൈ: കാരവൻ, ഹാത്തി മേരേ സാത്തി, മേരാ നാം ജോക്കർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജൂണിയർ മെഹമൂദ് എന്ന നയീം സയീദ് (68) അന്തരിച്ചു.
ആമാശയ അർബുദത്തിന് ഏറെനാളായി ചികിത്സയിലായിരുന്നു. 17 ദിവസമായി ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നുവെന്ന് മകൻ ഹസൈൻ സെയ്ദി പറഞ്ഞു.
നാൽപ്പതു വർഷത്തിനിടെ ഏഴു ഭാഷകളിലായി 260 സിനിമകളിൽ അഭിനയിച്ച ജൂണിയർ മെഹമൂദ്, 1966ൽ പുറത്തിറങ്ങിയ മൊഹബത്ത് സിന്ദഗി ഹേ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വെള്ളിത്തിരയിലെത്തിയത്.
ബോളിവുഡിലെ ഹാസ്യതാരമായിരുന്ന മെഹമൂദിനൊപ്പം 1968ൽ സുഹാഗ് രാത് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചശേഷമാണ് നയീം സയീദിനെ ജൂണിയർ മെഹമൂദ് എന്നു സിനിമാലോകം വിളിച്ചുതുടങ്ങിയത്.