ഇന്ത്യൻ വിദ്യാർഥികളുടെ മരണം കൂടുതൽ കാനഡയിൽ
Saturday, December 9, 2023 1:17 AM IST
ന്യൂഡൽഹി: കഴിഞ്ഞ ആറു വർഷത്തിനിടെ വിദേശത്തു മരിച്ച ഇന്ത്യൻ വിദ്യാർഥികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. നാലു രാജ്യങ്ങളിൽ കാനഡയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. 2018 മുതൽ 403 ഇന്ത്യൻ വിദ്യാർഥികൾ വിദേശത്തു മരിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
91 ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ മാത്രം മരിച്ചത്. യുകെയിൽ 48 പേർ, റഷ്യയിൽ 40, യുഎസിൽ 36, ഓസ്ട്രേലിയയിൽ 35, യുക്രെയ്നിൽ 21, ജർമനിയിൽ 20, സൈപ്രസിൽ 14, ഇറ്റലിയിലും ഫിലിപ്പീൻസിലുമായി പത്തു വീതം പേർ എന്നിങ്ങനെയാണ് വിദേശത്തു ജീവൻ നഷ്ടമായ ഇന്ത്യൻ വിദ്യാർഥികളുടെ കണക്ക്.
വിദേശത്തുള്ള ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. ഭാവിയിൽ ദൗർഭാഗ്യകരമായ പരിതസ്ഥിതികളുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.
ഇന്ത്യയിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ കോളജുകളിലും യൂണിവേഴ്സിറ്റികളിലും ഇന്ത്യൻ വിദ്യാർഥികളെ സന്ദർശിക്കും. ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സർക്കാർ മുൻഗണന നൽകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.