വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുത്തവരുടെ എണ്ണം ഒരു കോടി
Saturday, December 9, 2023 1:17 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബറിൽ ഉദ്ഘാടനം ചെയ്ത വികസിത് ഭാരത് സങ്കൽപ് യാത്ര രാജ്യവ്യാപകമായി പൗരന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പരിവർത്തന യാത്രയായി മാറി.
പ്രത്യേക പോർട്ടലിലെ ഡാറ്റ പ്രകാരം ജനുവരി 15 മുതൽ ഡിസംബർ 7 വരെ 36,000ൽ അധികം ഗ്രാമപഞ്ചായത്തുകളിൽ യാത്ര പര്യടനം നടത്തുകയും ഒരു കോടിയിലധികം പൗരന്മാർ അതിൽ പങ്കെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ 37 ലക്ഷത്തിലധികം പേരും മഹാരാഷ്ട്രയിൽ 12.07 ലക്ഷം പേരും ഗുജറാത്തിൽ 11.58 ലക്ഷം പേരും പങ്കെടുത്തു. ഇതുവരെ ഒന്‍പതു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ജമ്മുകാഷ്മീരിലും യാത്രയ്ക്ക് മികച്ച സ്വീകരണമാണു ലഭിച്ചത്.
ജനക്ഷേമത്തിനായി സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന ഐഇസി വാനുകൾ 2.60 ലക്ഷത്തിലേറെ ഗ്രാമപഞ്ചായത്തുകളും 3600ലധികം നഗര- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്ദർശിക്കാനാണ് യാത്ര ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കായുള്ള കേന്ദ്ര പദ്ധതികളെക്കുറിച്ച് അവബോധം നൽകുക എന്നതാണു യാത്രയുടെ ഒരു പ്രധാന ലക്ഷ്യം.
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി കർഷകർക്കായി നടത്തിയ ഡ്രോണ്‍ പ്രദർശനം പ്രധാന ആകർഷണമായിരുന്നു. “ഡ്രോണ്‍ ദീദി സ്കീം’’ നിലവിൽ വന്നതോടെ 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകുകയും ഇതിലെ രണ്ട് അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.
ഡ്രോണ്‍ പ്രദർശനം കാണുന്നതിന് ധാരാളം സ്ത്രീകളും എത്തിയിരുന്നു. സ്വയംസഹായ സംഘങ്ങൾ ഡ്രോണ്‍ സേവനങ്ങൾ ചെറിയ തുകയ്ക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ സംഘാംഗങ്ങൾക്ക് മറ്റൊരു വരുമാനമാർഗവും ലഭിക്കുന്നു.