ഇന്ത്യക്ക് ഏറ്റവും മികച്ച സാന്പത്തിക വളർച്ച: ധനമന്ത്രി
സെബിൻ ജോസഫ്
Friday, December 8, 2023 5:52 AM IST
ന്യൂഡൽഹി: മറ്റു സന്പദ്വ്യവസ്ഥകൾ ചുരുങ്ങുന്പോൾ ഇന്ത്യൻ സാന്പത്തികരംഗം വികസിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ രണ്ടാംപാദ വളർച്ച 7.6 ശതമാനമാണ്. ഇതു ലോകത്തിലെ ഏറ്റവും മികച്ച വളർച്ചാനിരക്കാണെന്നും രാജ്യസഭയിൽ രാജ്യത്തെ സാന്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയിൽ നിർമല പറഞ്ഞു.
2017-18നെ അപേക്ഷിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് പത്തു ശതമാനം കുറഞ്ഞു. പ്രത്യക്ഷ നികുതിപിരിവ് 21.82 ശതമാനം വർധിച്ചു. പ്രതിമാസം 1.6 ലക്ഷം കോടി രൂപയുടെ ജിഎസ്ടി വരുമാനമുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ഗ്രാമീണ ഭവന നിർമാണത്തിനുള്ള തുക 2.02 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. മേയ്ക്ക് ഇൻ ഇന്ത്യ വസ്തുക്കൾ അമേരിക്കയിലെ സൂപ്പർമാർക്കറ്റുകളിൽ പോലും ലഭ്യമാണ്.
രാജ്യത്തെ എല്ലാ മേഖലകളും വളർച്ചയിലാണെന്നും ധനമന്ത്രി വ്യക്തമാക്കി. ജമ്മു-കാഷ്മീർ സംവരണ ഭേദഗതിബിൽ, ജമ്മു- കാഷ്മീർ പുനഃസംഘടനാ ഭേദഗതിബിൽ എന്നിവ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. ബുധനാഴ്ച രണ്ടു ബില്ലുകളും ലോക്സഭയിൽ പാസാക്കിയിരുന്നു.
ലോക്സഭയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഭേദഗതി ബിൽ ഇന്നലെ പാസായി. 40 ഭേദഗതികൾ നിർദേശിച്ച എംപിമാർക്ക് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ നന്ദി അറിയിച്ചു. ശബ്ദവോട്ടോടെയാണു ബിൽ പാസാക്കിയത്. സ്വന്തം മണ്ഡലങ്ങളിൽ യൂണിവേഴ്സിറ്റി അനുവദിക്കണമെന്നു ചർച്ചയിൽ പല എംപിമാരും ആവശ്യമുന്നയിച്ചു. ഇടുക്കിയിൽ ട്രൈബൽ യൂണിവേഴ്സിറ്റി അനുവദിക്കണമെന്ന് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. മോദിയുടെ ചിത്രത്തോടുകൂടിയ സെൽഫി പോയിന്റുകൾ കാന്പസുകളിൽ സ്ഥാപിക്കുന്നതിനെതിരേ എംപിമാർ ചർച്ചയിൽ ചോദ്യങ്ങൾ ഉന്നയിച്ചു.
ഇതിനിടെ, ഉയർന്ന വിമാനക്കൂലി നിയന്ത്രിക്കുന്നതിന് സർക്കാരിനു സാധിക്കുമോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് വിമാനക്കന്പനികൾക്ക് കോവിഡ് മൂലം വൻ നഷ്ടം സംഭവിച്ചെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകി.
55,000 കോടി മുതൽ 1,32,000 കോടി രൂപ വരെ മഹാമാരി കാരണം നഷ്ടമുണ്ടായി. വിമാനക്കന്പനികളുടെ സാന്പത്തികശേഷി കോവിഡ് മൂലം തകർന്നു. എന്നാലും താങ്ങാവുന്ന നിരക്കാണു വാങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. അമേരിക്കൻ സിക്ക് പൗരനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ശ്രമം നടത്തിയതിനെക്കുറിച്ചും കാനഡയുടെ ആരോപണങ്ങൾക്കുള്ള ഇന്ത്യയുടെ എതിർവാദത്തെക്കുറിച്ചും ജോണ് ബ്രിട്ടാസ് ചോദ്യമുന്നയിച്ചു. വധശ്രമക്കേസിൽ അന്വേഷണം നടന്നുവരുന്നതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മറുപടി നൽകി. കാനഡയുടെ കാര്യത്തിൽ പ്രത്യേകം തെളിവുകളില്ലെന്നും മന്ത്രി പറഞ്ഞു.