രേവന്ത് റെഡ്ഢി തെലുങ്കാനയിൽ അധികാരമേറ്റു
Friday, December 8, 2023 5:52 AM IST
ഹൈദരാബാദ്: എ. രേവന്ത് റെഡ്ഢി തെലുങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ തമിഴ്സൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
മല്ലു ഭട്ടി വിക്രമാർക്ക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ. ഉത്തംകുമാർ റെഡ്ഢി, കോമാട്ടിറെഡ്ഢി വെങ്കട്ട റെഡ്ഢി, സി. ദാമോദർ രാജനരസിംഹ, ഡി. ശ്രീധർ ബാബു, പി. ശ്രീനിവാസ് റെഡ്ഢി, പൊന്നം പ്രഭാകർ, കോണ്ട സുരേഖ, ഡി.അനസൂയ(സീതക്ക), തുമ്മല നാഗേശ്വര റാവു, ജുപ്പള്ളി കൃഷ്ണറാവു എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. തെലുങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേവന്ത് റെഡ്ഢിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക റവന്യു വകുപ്പ് കൈകാര്യം ചെയ്യും. ഉത്തംകുമാർ റെഡ്ഢിക്ക് ആഭ്യന്തരവും ഡി. ശ്രീധർ ബാബുവിന് ധനവകുപ്പും ലഭിച്ചു. പി. ശ്രീനിവാസ് റെഡ്ഢി ജലസേചനവും കോമാട്ടിറെഡ്ഢി വെങ്കട്ടറെഡ്ഢി മുനിസിപ്പൽ അഡ്മിനിസ്ട്രേഷനും കൈകാര്യം ചെയ്യും.
സത്യപ്രതിജ്ഞ ചെയ്തു നിമിഷങ്ങൾക്കകം ആദ്യവാഗ്ദാനം നിറവേറ്റി രേവന്ത് റെഡ്ഢി
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു മിനിറ്റുകൾക്കകം രേവന്ത് റെഡ്ഢി താൻ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റി.
മുഖ്യമന്ത്രിയുടെ ഹൈദരാബാദിലെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന്റെ ചുറ്റിലുമായി സ്ഥാപിച്ച കൂറ്റൻ ഇരുന്പു ബാരിക്കേഡ് പൂർണമായും നീക്കിയാണു മുഖ്യമന്ത്രി ഒരു വാഗ്ദാനം നിറവേറ്റിയത്. കോൺഗ്രസ് അധികാരത്തിലേറിയാൽ മുഖ്യമന്ത്രിയുടെ വസതിക്കു ചുറ്റിലുമുള്ള ഇരുന്പുവേലി നീക്കുമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച വാഗ്ദാനങ്ങളിലൊന്ന്. സത്യപ്രതിജ്ഞാചടങ്ങ് തുടങ്ങുന്പോൾ തന്നെ ബുൾഡോസറുകളുപയോഗിച്ച് ബാരിക്കേഡ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവാണ് സുരക്ഷ മുൻനിർത്തി ബീഗംപെട്ട് മെയിൻ റോഡിലെ ഔദ്യോഗിക വസതിക്കുചുറ്റും ഇരുന്പുവേലി സ്ഥാപിച്ചത്. ഈ ഇരുന്പുമറ മൂലം പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ഇതു നീക്കണമെന്ന് പല കോണുകളിൽനിന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല.