കാഷ്മീർ പോലീസ് ഇൻസ്പെക്ടർ മസ്റൂർ അഹമ്മദ് മരണത്തിനു കീഴടങ്ങി
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: കാഷ്മീരിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരന്റെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പോലീസ് ഇൻസ്പെക്ടർ മസ്റൂർ അഹമ്മദ് വാനി മരിച്ചു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം.
ഒക്ടോബർ 29ന് ശ്രീനഗറിലെ ഈദ് ഗാഹ് മൈതാനത്തു ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു വാനിക്കു വെടിയേറ്റത്. കണ്ണിനും വയറിനും കഴുത്തിനും വെടിയേറ്റ വാനിയെ ആദ്യം ശ്രീനഗറിലെ ആശുപത്രിയിലും തുടർന്ന് എയിംസിലും പ്രവേശിപ്പിച്ചു. റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടറുടെ മകനാണ് വാനി.
കുൽഗാം ജില്ലക്കാരനായ ബാസിത് ദാർ എന്ന ഭീകരനാണ് വാനിയെ വെടിവച്ചത്. ഇയാൾക്കായി തെരച്ചിൽ നടന്നുവരികയാണ്. ലഷ്കർ-ഇ-തൊയ7്ബയുടെ നിഴൽ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.