‘ലിവിംഗ് ടുഗതർ’ ഗുരുതര രോഗം; എതിരേ നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി പാർലമെന്റിൽ
സ്വന്തം ലേഖകൻ
Friday, December 8, 2023 5:51 AM IST
ന്യൂഡൽഹി: ലിവിംഗ് ടുഗതർ ഗുരുതര രോഗമാണെന്ന് ബിജെപി എംപി പാർലമെന്റിൽ. സമൂഹത്തിൽനിന്ന് ഇത് ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം നിയമം കൊണ്ടുവരണമെന്നും ലോക്സഭയിൽ ശൂന്യവേളയിൽ ഹരിയാനയിൽനിന്നുള്ള എംപി ധരംബീർ സിംഗ് ആവശ്യപ്പെട്ടു. പ്രണയ വിവാഹങ്ങളിൽ വിവാഹമോചന നിരക്ക് വളരെക്കൂടുതലാണ്. പ്രണയവിവാഹങ്ങളിൽ വരന്റെയും വധുവിന്റെയും മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്.
ഇന്ത്യയുടെ പൈതൃകം വസുധൈവ കുടുംബകം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നമ്മുടെ സാമൂഹ്യഘടന ലോകത്തിലെ മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമാണ്. നാനാത്വത്തിൽ ഏകത്വത്തിന് ലോകം മുഴുവൻ മതിപ്പുണ്ട്.
മാതാപിതാക്കൾ മക്കൾക്ക് വിവാഹം ആലോചിക്കുന്നതാണ് ഇന്ത്യയിലെ പാരന്പര്യം. ഒരു വിവാഹത്തിൽ വിവിധ പൊതുഘടകങ്ങൾ ഒത്തുവരേണ്ടതിന്റെ ആവശ്യകതയുണ്ട്- ഭിവാനി മഹേന്ദ്രഗഡിൽനിന്നുള്ള എംപിയായ ധരംബീർ പറഞ്ഞു.
വിവാഹിതരാകാതെ സ്ത്രീയും പുരുഷനും ഒരുമിച്ചു താമസിക്കുന്ന രീതി കൂടുതലായി കണ്ടുവരുന്നു. ഇത്തരം രീതികൾ പാശ്ചാത്യ രാജ്യങ്ങളിൽനിന്നാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഈ രോഗത്തെ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.