ഗുരുതര സ്വഭാവമുള്ള ഹർജികളുടെ ബെഞ്ച് മാറ്റുന്നു ; ചീഫ് ജസ്റ്റീസിന് ദുഷ്യന്ത് ദവെയുടെ തുറന്ന കത്ത്
Thursday, December 7, 2023 2:03 AM IST
ന്യൂഡൽഹി: ഗുരുതര സ്വഭാവമുള്ള കേസുകളിലെ ഹർജികളുടെ ബെഞ്ച് മാറ്റുന്നതിനെതിരേ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്ത് എഴുതി. മനുഷ്യാവകാശം, സംസാര സ്വാതന്ത്ര്യം, ജനാധിപത്യം, ഭരണഘടനാപരമായ കാര്യങ്ങൾ എന്നിവയിലെ ഹർജികൾ സുപ്രീംകോടതി രജിസ്ട്രി ബെഞ്ചുകൾ മാറ്റിനൽകുന്നതിലാണ് ദവെ ആശങ്ക പ്രകടിപ്പിച്ചത്.
പരാതി ഉന്നയിക്കാൻ ചീഫ് ജസ്റ്റീസിനെ നേരിട്ടു കാണാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാലാണ് തുറന്ന കത്ത് എഴുതിയതെന്നും ദവെ പറയുന്നു. സുപ്രീംകോടതി സെക്രട്ടറി ജനറലിനെ നേരിട്ടു കണ്ടിരുന്നു. രജിസ്ട്രിക്ക് ഇ-മെയിൽ അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല കേസുകളും കൈകാര്യം ചെയ്തിരുന്ന മുൻ ബെഞ്ചുകളിൽനിന്നു മാറ്റിയെന്നും മുതിർന്ന ജഡ്ജിമാർ ഉണ്ടായിട്ടും കേസുകൾ മറ്റു ജഡ്ജിമാർക്ക് നൽകുന്നതായും കത്തിൽ പറയുന്നു. ഇതു സുപ്രീംകോടതിയുടെ ചട്ടങ്ങളുടെ ലംഘനമാണെന്ന് ദവെ വ്യക്തമാക്കി.
ആദ്യം ലിസ്റ്റ് ചെയ്തിരുന്ന ബെഞ്ചുകളിൽനിന്ന് അല്ലെങ്കിൽ നോട്ടീസ് നൽകിയിരുന്ന ബെഞ്ചുകളിൽനിന്ന് മാറ്റി മറ്റു ബെഞ്ചുകൾക്ക് നൽകുന്നതായി തനിക്കു വ്യക്തിപരമായി അറിയാമെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ആദ്യ ബെഞ്ചുകളിൽ ഹർജികൾ പരിഗണിക്കാൻ സാധ്യമാണെങ്കിലും ഇത്തരം കേസുകൾ മറ്റു ബെഞ്ചുകളിലേക്ക് മാറ്റുന്നു.
രണ്ട്, നാല്, ആറ്, ഏഴ് കോടതികളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകൾ മറ്റു ബെഞ്ചുകളിലേക്ക് മാറ്റുന്നത് സുപ്രീംകോടതി ചട്ടങ്ങൾക്കു വിരുദ്ധമാണ്. ആദ്യ ബെഞ്ചിന്റെ സീനിയോറിറ്റിയെ മറികടന്നാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. തുല്യരിൽ പ്രഥമൻ എന്നനിലയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഇക്കാര്യത്തിൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
സുപ്രീംകോടതി ചട്ടം 2013, 2017 ൽ സുപ്രീംകോടതി പ്രസിദ്ധീകരിച്ച ഓഫീസ് നടപടിക്രമങ്ങളെ സംബന്ധിച്ച കൈപ്പുസ്തകം എന്നിവയിൽ ബെഞ്ചുകൾക്ക് കേസ് നൽകാനുള്ള ചീഫ് ജസ്റ്റീസിന്റെ അധികാരത്തെ ചൂണ്ടിക്കാട്ടിയാണു കത്ത്.
ഹർജികളുടെ ബെഞ്ച് മാറ്റുന്നതിനെതിരേ തമിഴ്നാട് വിജിലൻസ് ഡയറക്ടറുടെ അഭിഭാഷകനും സുപ്രീംകോടതി രജിസ്ട്രിക്ക് കത്തയച്ചിരുന്നു. ജഡ്ജിമാരുടെ നിയമനവിഷയം തന്റെ ബെഞ്ചിൽനിന്നു നീക്കിയതിൽ ജസ്റ്റീസ് സഞ്ജയ് കിഷൻ കൗർ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.