ദുരിതമൊഴിയാതെ ചെന്നൈ; രക്ഷാപ്രവർത്തനം തുടരുന്നു
Thursday, December 7, 2023 2:03 AM IST
ചെന്നൈ: മിഷോങ്ങ് ചുഴലിക്കാറ്റിനു മുന്നോടിയായി പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ ദുരിതത്തിൽനിന്നു കരകയറാതെ ചെന്നൈ നഗരം. വെള്ളക്കെട്ടിൽ കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാൻ ഇന്നലെയും രക്ഷാപ്രവർത്തനം തുടർന്നു.
മുൻകരുതലെന്ന നിലയ്ക്ക്, ചില പ്രദേശങ്ങളിൽ ഇതുവരെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കിൽപ്പോക്ക്, കാട്ടുപാക്കം ഉൾപ്പെടെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനരാരംഭിച്ചിരുന്നില്ല.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും അർധരാത്രിയും ആളുകളെ രക്ഷപ്പെടുത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ മെട്രോയിലെ 11 സബ്വേകൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ദക്ഷിണ റെയിൽവേ നിരവധി സർവീസുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
വെള്ളം ഇറങ്ങിയ സ്ഥലങ്ങളിൽ റോഡുകൾ വൃത്തിയാക്കുന്നതിനൊപ്പം കുടിവെള്ള വിതരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഭക്ഷണപ്പൊതികളും റൊട്ടിയും പാലും വിതരണം ചെയ്യുന്നുണ്ടെന്നും ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു. ചെന്നൈയിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചു. 372 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 41,400 പേരാണ് കഴിയുന്നത്.
അതേസമയം വേളാച്ചേരി, താംബരം എന്നിവയുൾപ്പെടെ ദുരിതബാധിത പ്രദേശങ്ങളിൽ പാൽ വിതരണം വൈകുന്നതായും അധികവിലയ്ക്കു പാൽ വിൽക്കുന്നതായും പ്രദേശവാസികൾ ആരോപിച്ചു. അമിതവില ഈടാക്കി പാൽ വിൽക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി മനോ തങ്കരാജ് മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നഗരത്തിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ കഴിയുന്നവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുകയും ചെയ്തു.
വെള്ളം വറ്റിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം പരിശോധിച്ചു. 5,060 കോടി രൂപയുടെ ഇടക്കാല പ്രളയ ദുരിതാശ്വാസം ആവശ്യപ്പെട്ട് സ്റ്റാലിൻ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.