പാഠപുസ്തകങ്ങളിൽ ഇന്ത്യ മാറ്റി ഭാരത് ആക്കാൻ നീക്കം
Thursday, December 7, 2023 2:03 AM IST
ന്യൂഡൽഹി: എൻസിഇആർടി പാഠപുസ്തകങ്ങളിൽനിന്ന് ഇന്ത്യ എന്നതു സാവധാനം നീക്കം ചെയ്ത് ഭാരത് ആക്കുമെന്ന് സൂചന നൽകി കേന്ദ്രം.
രാജ്യസഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി അന്നപൂർണ ദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പി. സന്തോഷ് കുമാറും എളമരം കരീമും രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഭരണഘടന ആർട്ടിക്കിൾ ഒന്ന് പ്രകാരം രാജ്യത്തിന്റെ പേര് ഇന്ത്യയായ ഭാരത് എന്നാണ്. രാജ്യത്തിന്റെ ഔദ്യോഗിക പേരായി ഇന്ത്യയെയും ഭാരതിനെയും ഭരണഘടന അംഗീകരിക്കുന്നു. അതിനാൽ രാജ്യത്തിന്റെ പേര് ഭാരതെന്നോ ഇന്ത്യയെന്നോ പരസ്പരം മാറ്റി ഉപയോഗിക്കാൻ കഴിയും.
ഭരണഘടന മുന്നോട്ടു വയ്ക്കുന്ന ഈ വികാരം ഉൾക്കൊണ്ടാണ് എൻസിഇആർടി പ്രവർത്തിക്കുന്നതെന്നും മന്ത്രി മറുപടി നൽകി.