നെൽകർഷകരുടെ ആത്മഹത്യ: സംസ്ഥാനം അറിയിച്ചില്ലെന്നു കേന്ദ്രം
Thursday, December 7, 2023 2:03 AM IST
ന്യൂഡൽഹി: കേരളത്തിലെ നെൽകർഷകരുടെ ആത്മഹത്യ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചതായി ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ എന്നിവർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിനാണു കേന്ദ്രമന്ത്രി മറുപടി നൽകിയത്.
കൃഷിയിറക്കാൻ വായ്പ തേടി ബാങ്കുകളെയെല്ലാം സമീപിച്ചെന്നും ഒരു ബാങ്കും വായ്പ നൽകാൻ തയാറായില്ലെന്നും സർക്കാരും ബാങ്കുകളുമാണ് ആത്മഹത്യക്ക് ഉത്തരവാദികളെന്നും ചൂണ്ടിക്കാട്ടി ആലപ്പുഴ തകഴിയിലെ നെൽകർഷകനായ കെ.ജി. പ്രസാദ് നവംബർ മാസം ആത്മഹത്യ ചെയ്തിരുന്നു.
കർഷകനായ താൻ പരാജയപ്പെട്ടുപോയെന്ന കുറിപ്പും വിഡിയോയും തയാറാക്കിവച്ചാണ് പ്രസാദ് ജീവനൊടുക്കിയത്. എന്നാൽ ഇത്തരം സംഭവങ്ങളൊന്നും ശ്രദ്ധിൽപ്പെട്ടിട്ടില്ലെന്നാണു സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുള്ളത്.
ഖാരിഫ് വിപണന സീസണ് 2016-17 വരെയുള്ള വാർഷിക ഓഡിറ്റഡ് കണക്കുകൾ മാത്രമാണ് കേരളത്തിൽനിന്ന് ഇതുവരെ കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ സഹമന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം, കേരളത്തിലെ കർഷകർക്ക് മിനിമം താങ്ങുവിലയായി 2020-21 ൽ 1428.81 കോടി രൂപയും 2021 -22 ൽ 1 451 .90 കോടി രൂപയും 2022-23 ൽ 1475.01 കോടി രൂപയും എന്നനിലയിൽ ആകെ 4355.72 കോടി രൂപ അനുവദിച്ചുവെന്ന് ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി അറിയിച്ചു.