ഇന്ത്യ മുന്നണി നേതാക്കൾ യോഗം ചേർന്നു
Thursday, December 7, 2023 1:39 AM IST
ന്യൂഡൽഹി: ഇന്ത്യ മുന്നണിയിലെ കക്ഷി നേതാക്കളുടെ യോഗം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്നു.
ഖാർഗെയുടെ വസതിയിൽ അത്താഴവിരുന്നായി നടന്ന യോഗത്തിൽ കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, കെ.സി. വേണുഗോപാൽ, സിപിഎം നേതാക്കളായ സീതാറാം യെച്ചൂരി, എളമരം കരീം, സിപിഎം നേതാവ് ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, ആംആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ, ഡിഎംകെ നേതാവ് ഡി. രാജ തുടങ്ങിയവർ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും യോഗത്തില്‍നിന്ന് വിട്ടുനിന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയം പ്രതിപക്ഷ പാര്‍ട്ടികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്ന് യോഗത്തില്‍ വിമര്‍ശനമുയർന്നു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നിലപാട് പല സീറ്റുകളിലും തോല്‍വിക്കു കാരണമായെന്ന് സിപിഐ കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പില്‍ സഖ്യത്തിലെ പാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ മടിച്ച കോണ്‍ഗ്രസ് നിലപാടിനെതിരേ പരസ്യവിമര്‍ശനം ഉയര്‍ന്നില്ലെങ്കിലും നേതാക്കള്‍ പരിഭവം പങ്കുവച്ചു.