കർണി സേനാ നേതാവിന്റെ കൊലപാതകം; രാജസ്ഥാനിൽ വ്യാപക പ്രതിഷേധം
Thursday, December 7, 2023 1:39 AM IST
ജയ്പുർ: രാഷ്ട്രീയ രജ്പുത് കർണി സേനാ നേതാവ് സുഖ്ദേവ് സിംഗ് ഗോഗാമേദി കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജസ്ഥാനിൽ വ്യാപക പ്രതിഷേധം. ഇന്നലെ നടന്ന രാജസ്ഥാൻ ബന്ദിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകന്പോളങ്ങൾ അടഞ്ഞുകിടന്നു.
ഗവർണർ കൽരാജ് മിശ്ര ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ജയ്പുർ പോലീസ് കമ്മീഷണർ എന്നിവരെ ഗവർണർ വിളിച്ചുവരുത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ചൊവ്വാഴ്ചയാണ് സുഖ്ദേവ് സിംഗ് കൊല്ലപ്പെട്ടത്. കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം(എസ്ഐടി) രൂപവത്കരിച്ചു. സുഖ്ബീറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയി ഗാംഗ് അംഗമായ രോഹിത് ഗോദാര ഏറ്റെടുത്തു.
രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരാണ് സുഖ്ദേവ് സിംഗ് ഗോഗാമേദിയെ വധിച്ചതെന്നു പോലീസ് കണ്ടെത്തി. ഇവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. രോഹിത് ജയ്പുർ സ്വദേശിയും നിതിൻ ഹരിയാനയിലെ മഹേന്ദ്രഗഡുകാരനുമാണ്.