ദളിതനായതിനാൽ ആർഎസ്എസ് മ്യൂസിയത്തിൽ പ്രവേശനം നിഷേധിച്ചുവെന്ന് മുൻ ബിജെപി എംഎൽഎ
Thursday, December 7, 2023 1:38 AM IST
ബംഗളൂരു: ദളിതനായതിന്റെ പേരിൽ തനിക്ക് നാഗ്പുരിലെ ആർഎസ്എസ് മ്യൂസിയത്തിൽ പ്രവേശനം നിഷേധിച്ചുവെന്ന് മുൻ ബിജെപി എംഎൽഎ ഗൂളിഹട്ടി ഡി. ശേഖർ.
ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗെവാറിന്റെ പേരിലുള്ള മ്യൂസിയത്തിലാണു പ്രവേശനം നിഷേധിച്ചതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് അയച്ച ഓഡിയോ സന്ദേശത്തിൽ ശേഖർ പറയുന്നു.
മുൻ മന്ത്രിയായ ശേഖറിനു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. തുടർന്ന് പാർട്ടി വിട്ട ശേഖർ ഹോസാദുർഗയിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം, ശേഖറിന്റെ ആരോപണം ആർഎസ്എസ് നിഷേധിച്ചു. തങ്ങളുടെ ഓഫീസുകളിൽ രജിസ്റ്റർ ഇല്ലെന്നും ആർഎസ്എസ് ആസ്ഥാനത്ത് ആർക്കും പ്രവേശിക്കാമെന്നും സംഘടന അറിയിച്ചു.