അശരണര്‍ക്ക് സഹായമേകി കാമ്പസില്‍ ഇന്റഗ്രിറ്റി സ്റ്റാള്‍
Thursday, December 7, 2023 1:38 AM IST
ബംഗളൂരു: കോളജ് കാമ്പസില്‍ ഇന്റഗ്രിറ്റി സ്റ്റാള്‍ ഇട്ട് ലഭിച്ച പണം അശരണര്‍ക്ക് സഹായമെത്തിക്കുന്നതിനായി വിനിയോഗിച്ച് ബംഗളൂരു ക്രിസ്തു ജയന്തി കോളജിലെ വിദ്യാര്‍ഥികള്‍. സിഎസ്എ (സെന്റര്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍) വിഭാഗം വിദ്യാര്‍ഥികളാണ് ഈ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത്.
സന്നദ്ധപ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ സ്വന്തമായി തയാറാക്കുന്ന കലാ-കരകൗശല വസ്തുക്കള്‍, പേന, പെന്‍സില്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് കോളജിലെ ഇന്റഗ്രിറ്റി സ്റ്റാളില്‍ വില്‍ക്കുന്നത്.
സാധനങ്ങള്‍ക്ക് കൃത്യമായ വില നിശ്ചയിച്ചിട്ടില്ല. സാധനങ്ങള്‍ ആര്‍ക്കും വാങ്ങാം, എത്ര രൂപ വേണമെങ്കിലും പ്രതിഫലമായി നല്‍കാം. ബംഗളൂരു നഗരത്തിലെ 100ലധികം ഭവനരഹിതരായ കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും ഈ രീതിയില്‍ ക്രിസ്തു ജയന്തി കോളജ് വിദ്യാര്‍ഥികള്‍ സഹായമെത്തിച്ചു.
ഫ്ളൈ ഓവറുകള്‍ക്കു താഴെ, ബസ് സ്റ്റേഷന്, ഫുട്പാത്ത് എന്നിവിടങ്ങളില്‍ അഭയം തേടുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, തണുപ്പില്‍നിന്ന് രക്ഷനേടുന്നതിനായി ബ്ലാങ്കെറ്റുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്.