വാർഷിക ഫീസ് വർധിപ്പിച്ച് ഡൽഹി സർവകലാശാല
Thursday, December 7, 2023 1:38 AM IST
ന്യൂഡൽഹി: വിദ്യാർഥികളുടെ വാർഷിക ഫീസ് 46 ശതമാനം വർധിപ്പിച്ചു ഡൽഹി സർവകലാശാല. വിവിധ വിഭാഗങ്ങളിലായി 2,350 രൂപയുടെ വർധനവാണുണ്ടായത്.
ഹയർ എഡ്യുക്കേഷൻ ഫിനാൻസിംഗ് ഏജൻസിയിൽ സർവകലാശാല എടുത്ത വായ്പയുടെ പലിശയാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കാൻ ശ്രമിക്കുന്നതെന്ന് അധ്യാപകർ ആരോപിച്ചു.
ഈസ്റ്റ് കാന്പസ് സ്ഥാപിക്കുന്നതിനായി 930 കോടി രൂപയുടെ വായ്പ എച്ച്ഇഎഫ്എ ഒക്ടോബറിൽ അനുവദിച്ചിരുന്നു. ഇതു രണ്ടാം തവണയാണ് സർവകലാശാല ഫീസ് വർധിപ്പിക്കുന്നത്.
ഈ അധ്യയനവർഷം മുതൽ സർവകലാശാലയിലെ സൗകര്യങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഫീസ് ഇരട്ടിയാക്കിയിരുന്നു. ഇതുകൂടാതെ സർവകലാശാല വിദ്യാർഥികളുടെ ക്ഷേമനിധി ഫീസും ഇരട്ടിയാക്കി.
വികസനഫണ്ട് 10 ശതമാനം വർധിപ്പിച്ച് 900ൽനിന്ന് 1000 രൂപയാക്കുകയും ചെയ്തു. സാന്പത്തികമായി ദുർബലരായ വിഭാഗത്തെ സഹായിക്കുന്നതിനുള്ള യൂണിവേഴ്സിറ്റി ഫണ്ടിന്റെ വാർഷിക ഫീസും 150 രൂപയായി പരിഷ്കരിച്ചു.
ജൂലൈയിലെ ഈ വർധനയ്ക്കുശേഷം ഈ വർഷം ഇതു രണ്ടാം തവണയാണ് സർവകലാശാല ഫീസ് വർധിപ്പിക്കുന്നത്.