നിക്ഷേപത്തട്ടിപ്പ്: വെബ്സൈറ്റുകൾ നിരോധിച്ച് കേന്ദ്രം
Thursday, December 7, 2023 1:38 AM IST
ന്യൂഡൽഹി: നൂറിലധികം നിക്ഷേപത്തട്ടിപ്പ് വെബ്സൈറ്റുകളെ നിരോധിച്ച് കേന്ദ്രസർക്കാർ. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യംവച്ച് ചൈന കേന്ദ്രമായി പ്രവർത്തിക്കുന്ന വെബ്സൈറ്റുകളാണു നിരോധിച്ചതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശബന്ധമുള്ള കൂടുതൽ ആപ്പുകൾ നിരോധിക്കാനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
നിക്ഷേപത്തട്ടിപ്പ്, പാർട്ട് ടൈം ജോലി തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെടുന്ന നൂറിലധികം വെബ്സൈറ്റുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലറ്റിക്സ് യൂണിറ്റ് കണ്ടെത്തി. ഇത്തരം വെബ്സൈറ്റുകൾക്കെതിരേ നടപടി സ്വീകരിക്കാനുള്ള തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി ഇന്നലെ ഇവയെ നിരോധിച്ചതായും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളാണ് ഈ വെബ്സൈറ്റുകൾക്ക് ഉണ്ടായിരുന്നത്. അന്വേഷണ ഏജൻസികളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നിൽനിന്നു മറ്റൊന്നിലേക്ക് പണം മാറ്റും. ഇങ്ങനെ മാറ്റുന്ന പണം ക്രിപ്റ്റോ കറൻസിയാക്കും. ഇത്തരം വ്യാജ സൈറ്റുകൾ രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ തകർക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണു നടപടി.