മിഷോങ്ങ് കരതൊട്ടു ചെന്നൈയിൽ മരണം 12 ആയി
Wednesday, December 6, 2023 2:48 AM IST
ചെന്നൈ/ അമരാവതി: തീവ്ര ചുഴലിക്കാറ്റ് മിഷോങ്ങ് ഇന്നലെ കരതൊട്ടു. ഇന്നലെ ഉച്ചയ്ക്ക് 12.30നും 2.30നും ഇടയിൽ തെക്കൻ ആന്ധ്രപ്രദേശിലെ ബാപ്ട്ല ജില്ലയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മൂന്നു മണിക്കൂർകൊണ്ടാണ് ചുഴലിക്കാറ്റിന്റെ കരതൊടൽ പൂർണമായത്. തുടർന്ന് രണ്ടു മണിക്കൂറിനകം ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു.
അതേസമയം, ആന്ധ്രപ്രദേശിലും കിഴക്കൻ തെലുങ്കാനയിലും ഒഡീഷയിലും ജാഗ്രത തുടരുകയാണ്. ആന്ധ്രയുടെ തെക്കൻ തീരമേഖലയിൽ ഇന്നലെയുണ്ടായ കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. വ്യാപക കൃഷിനാശമുണ്ടായി.
വിശാഖപട്ടണം, രാജമുന്ദ്രി, തിരുപ്പതി വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. ഇരുനൂറിലേറെ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. കനത്ത മഴ പെയ്യുന്ന തെക്കൻ ഒഡീഷയിൽ രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിനു മുന്നോടിയായി ചെന്നൈ നഗരത്തിൽ പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 12 ആയി. നഗരം മുഴുവൻ വെള്ളത്തിലാണ്. മഴ ശമിച്ചെങ്കിലുംഡാമുകളിൽനിന്നു വെള്ളം തുറന്നുവിട്ടതുമൂലം നഗരത്തിൽ വെള്ളം കുറയുന്നില്ല. വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയവരെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലും ട്രാക്ടറുകളിലുമാണു രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്.
80 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചെന്നും 70 ശതമാനം മൊബൈൽ ശൃംഖലയും പ്രവർത്തനസജ്ജമായെന്നും തമിഴ്നാട് ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പറഞ്ഞു.
ചെന്നൈ ഉൾപ്പെടെ ഒന്പതു ജില്ലകളിലായി ആയിരക്കണക്കിനു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. 11 ലക്ഷം ഭക്ഷ്യപാക്കറ്റുകളും ഒരു ലക്ഷം പാൽ പാക്കറ്റുകളും വിതരണം ചെയ്തു.
നഗരത്തിലെ രക്ഷാപ്രവർത്തനത്തിനായി മറ്റു ജില്ലകളിൽനിന്ന് 5000 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. ഇവരാണു മത്സ്യബന്ധന ബോട്ടുകളിലും ട്രാക്ടറുകളിലും ആളുകളെ പുറത്തെത്തിക്കുന്നത്. ദുരിതാശ്വാസ വസ്തുക്കൾ വിതരണം ചെയ്യുന്നതും ഈ തൊഴിലാളികളാണ്.
ചെന്നൈയിൽ ബുധനാഴ്ച വരെ സ്കൂളുകളും കോളജുകളും പ്രവർത്തിക്കില്ല. തിങ്കളാഴ്ച നിർത്തിവച്ച വിമാനസർവീസ് ഇന്നലെ ഭാഗികമായി പുനരാരംഭിച്ചു. ട്രെയിൻ സർവീസുകൾ ഇന്ന് ആരംഭിക്കുമെന്നു സതേൺ റെയിൽവേ അറിയിച്ചു. പ്രളയത്തിൽ വസതിയിൽ കുടുങ്ങിയ നടന്മാരായ ആമിർ ഖാൻ, വിഷ്ണു വിശാൽ എന്നിവരെ രക്ഷപ്പെടുത്തി.