ബഫർ സോണ്‍: ഹൈക്കോടതിക്ക് മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി
Wednesday, December 6, 2023 2:48 AM IST
ന്യൂഡൽഹി: ബഫർ സോണ്‍ ഉത്തരവിന്റെ പേരിൽ കേരള ഹൈക്കോടതി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് സുപ്രീംകോടതി. ഇപ്പോൾ ഹൈക്കോടതി സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ തുടരുമെന്നും കോടതി വിധിച്ചു.
എന്നാൽ, ബഫർ സോണിൽ പത്തു നില കെട്ടിടമാണു നിലനിൽക്കുന്നതെങ്കിൽ അതു പ്രശ്നമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബഫർസോണ്‍ വിധിക്കെതിരേ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തീർപ്പാക്കിയത്.
രാജസ്ഥാനിലെ ജാമുവാരാംഗാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ബഫർ സോണ്‍ നിർബന്ധമാക്കിയ വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.
ഈ വിധി പിന്നീട് കോടതി ഭേദഗതി ചെയ്തിരുന്നു. ബഫർ സോണിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഇളവു നൽകി ഖനനമടക്കമുള്ളവ ഒഴിവാക്കിയാണ് ഭേദഗതി വിധി പുറപ്പെടുവിച്ചത്.