സന്പദ്ഘടന സുന്ദരമെന്ന് നിർമല; ജനങ്ങൾ ദുരിതത്തിലെന്നു ചിദംബരം
Wednesday, December 6, 2023 2:48 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യൻ സന്പദ്ഘടന ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുകയാണെന്നും കഴിഞ്ഞ പാദത്തിൽ 7.6% ജിഡിപി വളർച്ചാനിരക്ക് രേഖപ്പെടുത്തിയെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കഴിഞ്ഞ രണ്ടു സാന്പത്തിക വർഷങ്ങളിൽ വാണിജ്യ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകളുടെ എണ്ണം 2.19 കോടിയിൽനിന്ന് 2.06 കോടിയായും മൊത്തം കുടിശിക 7.41 ലക്ഷം കോടിയിൽനിന്ന് 5.72 ലക്ഷം കോടിയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സാന്പത്തികവളർച്ച കർഷകരും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഃസഹമായിരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ദരിദ്രരും സന്പന്നരും തമ്മിലുള്ള അകലം കൂടി വരികയാണെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടി. രാജ്യത്തെ സാന്പത്തിക സ്ഥിതിയെക്കുറിച്ച് ഇന്നലെ രാജ്യസഭയിൽ നടന്ന പ്രത്യേക ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രിയും എംപിമാരും.
കേരളം അടക്കമുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്ന് ചർച്ചയിൽ സംസാരിച്ച സിപിഎം നേതാവ് എളമരം കരീം, കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി, മുസ്ലിം ലീഗിലെ പി.വി. അബ്ദുൾ വഹാബ് തുടങ്ങിയവർ ആരോപിച്ചു.
23 കോടി ഇന്ത്യക്കാർ ഇപ്പോഴും കൊടിയ ദാരിദ്യ്രത്തിലാണെന്നു പി.ചിദംബരം ചിദംബരം പറഞ്ഞു. രാജ്യത്തെ ഏറ്റവും താഴെയുള്ള 50 ശതമാനം ആളുകൾക്ക് ദേശീയ സന്പത്തിന്റെ മൂന്നു ശതമാനം മാത്രമേ ഉള്ളൂ. മൊത്ത വരുമാനത്തിന്റെ വെറും 13 ശതമാനം മാത്രമാണ് പകുതിയിലേറെ ജനത്തിനുള്ളത്.
സന്പന്നരായ അഞ്ചു ശതമാനത്തിനാണ് വരുമാനത്തിന്റെ 60 ശതമാനം. ഇവരിൽത്തന്നെ ഒരു ശതമാനം അതിസന്പന്നരുടെ പക്കലാണ് 22 ശതമാനം വരുമാനവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേക്ക് ഇൻ ഇന്ത്യയെന്നു പറയുന്പോഴും ഡൽഹിയിലെ ചാന്ദ്നി ചൗക്ക് അടക്കമുള്ള മാർക്കറ്റുകളിലെ 90 ശതമാനം സാധനങ്ങളും ചൈനീസ് നിർമിതമാണെന്ന് എഎപിയിലെ അശോക് കുമാർ മിത്തർ പരിഹസിച്ചു.
692.89 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
സാന്പത്തിക തട്ടിപ്പുകാരുടെ 692.89 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു. 2018ലെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് നിയമത്തിന്റെ വകുപ്പുകൾ പ്രകാരമാണിത്.
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കുമായി ലയിപ്പിച്ച പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ ബാങ്ക് വിവിധ ഏജൻസികളുടെ സഹകരണത്തോടെ 104.02 കോടി രൂപ തിരിച്ചുപിടിച്ചതായും മന്ത്രി പാർലമെന്റിനെ അറിയിച്ചു.
24,000 കോടിയുടെ ജിഎസ്ടി നികുതി വെട്ടിപ്പു കണ്ടെത്തി
ന്യൂഡൽഹി: രണ്ടു മാസം കൊണ്ട് 21,791 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 24,000 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ. സത്യസന്ധമായ നികുതിദായകരെ ബുദ്ധിമുട്ടിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.
ഇ-കൊമേഴ്സ് രജിസ്ട്രേഷനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയെന്നു നിർമല പറഞ്ഞു. ബിസിനസ്് സ്ഥലത്തിന്റെ വിശദാംശങ്ങൾ നൽകിക്കൊണ്ട് നേരിട്ട് സാന്നിധ്യമില്ലാത്ത ഇതര സംസ്ഥാനങ്ങളിലും ഇ-കൊമേഴ്സ് രജിസ്ട്രേഷനായി അപേക്ഷിക്കാം.
ബയോമെട്രിക് സംവിധാനത്തിലൂടെ ആധാർ അടക്കമുള്ള രേഖകൾ രജിസ്ട്രേഷൻ പ്രക്രിയ ശക്തിപ്പെടുത്തും. ഇതിനുള്ള പരീക്ഷണ പദ്ധതി ഗുജറാത്തിലും പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ആരംഭിച്ചു. രജിസ്റ്റർ ചെയ്ത വ്യക്തിയുടെ ബാങ്ക് അക്കൗണ്ട്, പാൻ എന്നിവയുടെ വിശദാംശങ്ങൾ രജിസ്ട്രേഷൻ അനുവദിച്ച് 30 ദിവസത്തിനകം നൽകേണ്ടതുണ്ട്.