പ്രമുഖർ പിന്മാറി; ഇന്ത്യ മുന്നണി യോഗം മാറ്റി
Wednesday, December 6, 2023 2:48 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: പ്രമുഖ പ്രതിപക്ഷ നേതാക്കൾ പിന്മാറിയതിനെത്തുടർന്ന് ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ ഇന്ത്യ മുന്നണി യോഗം മാറ്റിവച്ചു.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്ത്യ മുന്നണി യോഗം വിളിച്ചുചേർത്തിരുന്നത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ പിന്മാറിയതിനെത്തുടർന്നാണു യോഗം മാറ്റിവച്ചത്.
ഡൽഹി യോഗത്തിൽ പങ്കെടുക്കില്ലെന്നും ക്ഷണം ലഭിച്ചില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തിങ്കളാഴ്ച പറഞ്ഞിരുന്നു. ചെന്നൈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ അറിയിച്ചു.
ഇന്ത്യ മുന്നണി പാർലമെന്ററി പാർട്ടി നേതാക്കളുടെ യോഗം ഈ മാസം മൂന്നാം ആഴ്ചയിലേക്കു മാറ്റിയതായി കോണ്‍ഗ്രസ് നേതാവ് ഗുർദീപ് സിംഗ് സപ്പാൽ അറിയിച്ചു.
അതേസമയം, മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന് ഇന്ത്യ മുന്നണിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്നു പ്രഖ്യാപിച്ച നാഷണൽ കോണ്‍ഫറൻസ് അധ്യക്ഷൻ ഒമർ അബ്ദുള്ള ഇന്നലെ നിലപാട് മാറ്റി.
സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യമല്ല കോണ്‍ഗ്രസാണു പരാജയപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.