കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗാമേദി വെടിയേറ്റ് കൊല്ലപ്പെട്ടു
Wednesday, December 6, 2023 2:48 AM IST
ന്യൂഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ രജപുത് കർണിസേനയുടെ ദേശീയ അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗാമേദിയെ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് സുഖ്ദേവിന്റെ ജയ്പുർ നഗരത്തിലെ ശ്യാംനഗറിലുള്ള വീട്ടിലെത്തിയ മൂന്ന് അക്രമികൾ സംസാരത്തിനിടെ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥന്റെ പ്രത്യാക്രമണത്തിൽ അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടു. സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കർണിസേന ഇന്നു രാജസ്ഥാനിൽ ബന്ദിന് ആഹ്വാനം നൽകിയിട്ടുണ്ട്.
ലോറൻസ് ബിഷ്ണോയിയുടെ നേതൃത്വത്തിലുള്ള അധോലോകസംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രോഹിത് ഗൊഡാര സമൂഹമാധ്യത്തിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. സുഖ്ദേവിനു നേരേ അക്രമികൾ വെടിയുതിർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദീർഘനാളായി സുഖ്ദേവിനുനേരെ വധഭീഷണിയുണ്ടായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായി ജയ്പുർ പോലീസ് കമ്മീഷണർ ബിജു ജോർജ് ജോസഫ് പറഞ്ഞു.
സംഭവത്തെത്തുടർന്ന് ജയ്പുരിൽ കർണിസേനാ പ്രവർത്തകർ റോഡുകൾ ഉപരോധിച്ചു. നഗരത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി ഡിജിപി ഉമേഷ് മിശ്ര പറഞ്ഞു.
2015 ൽ രജപുത് കർണിസേനയിൽനിന്ന് പുറത്താക്കിയതിനെത്തുടർന്നാണ് സുഖ്ദേവ് രാഷ്ട്രീയ രജ്പുത് കർണിസേന രൂപീകരിച്ചത്. ദീപിക പദുക്കോണ്‍ നായികയായ പദ്മാവത് സിനിമയ്ക്കെതിരേ ഇരു കർണിസേനാ വിഭാഗവും രംഗത്തെത്തിയിരുന്നു.