ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായമില്ലെന്നു ജോസ് കെ. മാണി
Wednesday, December 6, 2023 2:48 AM IST
ന്യൂഡൽഹി: ബിജെപിക്കു രാഷ്ട്രീയനേട്ടമില്ലാത്ത സംസ്ഥാനങ്ങൾക്ക് വികസനവും സാന്പത്തിക സഹായവുമില്ലെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. സാന്പത്തിക വളർച്ചയെക്കുറിച്ച് സർക്കാർ വീരവാദം മുഴക്കുന്പോഴും കർഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാരുടെയും പാവങ്ങളുടെയും ജീവിതനിലവാരം ഉയർന്നിട്ടില്ലെന്നും കർഷകർ ആത്മഹത്യകളിലേക്കു പോകുന്ന ദുഃസ്ഥിതിയാണെന്നും രാജ്യസഭയിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റബർ കർഷകരുടെ പ്രതിസന്ധി സാധാരണക്കാരുടെ സാന്പത്തിക നിലയുടെ പ്രതിഫലനമാണെന്നും 1947ലെ റബർ നിയമം അനുസരിച്ച് രൂപീകരിച്ച റബർ ബോർഡിനെ ശക്തിപ്പെടുത്തണമെന്നും ജോസ് കെ. മാണി രാജ്യസഭയിൽ നടന്ന സാന്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചർച്ചയിൽ ആവശ്യപ്പെട്ടു.
രാജ്യത്തു 154 കർഷകരും ദിവസക്കൂലിക്കാരായ തൊഴിലാളികളും ആത്മഹത്യ ചെയ്തു. ലോകത്തുതന്നെ ഇത്രയധികം കർഷക ആത്മഹത്യകൾ ഉണ്ടായ രാജ്യങ്ങൾ ഉണ്ടായേക്കില്ല. രാജ്യത്തു സാന്പത്തിക വളർച്ച ഉണ്ടാകുന്നതിന്റെ അളവുകോൽ സാധാരണക്കാരുടെയും കർഷകരുടെയും ജീവിതനിലവാരം മെച്ചപ്പെട്ടോ എന്നതിനെ നോക്കിയാകണം.
കർഷകരുടെയും സാധാരണക്കാരുടെയും ചെലവിലാകരുത് രാജ്യത്തെ വ്യവസായികളുടെ വളർച്ചയെ സഹായിക്കേണ്ടത്. കേന്ദ്രസർക്കാർ കോർപറേറ്റുകളെയും വൻകിട വ്യവസായികളെയും കൈയയച്ചു സഹായിക്കുന്പോൾ കർഷകരെയും തൊഴിലാളികളെയും അവഗണിക്കുന്നു.
രാജ്യത്തിന്റെ മൊത്തം സന്പത്തിന്റെ 40 ശതമാനവും വെറും ഒരു ശതമാനം കുത്തക മുതലാളിമാരുടെ പക്കലാണെന്ന് ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. സാന്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ കർഷകരും തൊഴിലാളികളും അടങ്ങുന്ന സാധാരണക്കാർക്കു ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.