തൊപ്പിയണിഞ്ഞ് മിസോറം
Tuesday, December 5, 2023 3:16 AM IST
ഐസ്വാൾ: ഭരണവിരുദ്ധവികാരം ആഞ്ഞടിച്ച മിസോറമിൽ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അടക്കം പരാജയപ്പെടുത്തി സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) ഭരണം പിടിച്ചു.
നാൽപ്പതിൽ 27 സീറ്റുകളിൽ ജയിച്ചാണ് സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റ് ഒറ്റയ്ക്ക് അധികാരത്തിലെത്തുന്നത്. തൊപ്പിയായിരുന്നു പാർട്ടിയുടെ ചിഹ്നം. സെഡ്പിഎം നേതാവ് ലാൽദുഹൊമോ മുഖ്യമന്ത്രിയാകും.
തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രിയായിരുന്ന മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) നേതാവ് സോറംതങ്ക ഐസ്വാൾ ഈസ്റ്റ് 1 മണ്ഡലത്തിൽ 2101 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽതൻസംഗ്മയാണ് എഴുപത്തൊമ്പതുകാരനായ സോറംതങ്കയെ പരാജയപ്പെടുത്തിയത്. ഉപമുഖ്യമന്ത്രി എൺപതുകാരനായ ടവൻലിയുവ സിറ്റിംഗ് സീറ്റായ ട്യുചാൻഗിൽ സോറം പീപ്പിൾസ് മൂവ്മെന്റ് സ്ഥാനാർഥി ഡബ്ല്യു. ഛൗനവ്മയോടാണ് പരാജയപ്പെട്ടത്.
26 സീറ്റുകളുണ്ടായിരുന്ന എംഎൻഎഫിന് പത്തു സീറ്റുകളിലേ വിജയിക്കാനായുള്ളൂ. കോൺഗ്രസിന് ഒന്നും ബിജെപിക്ക് രണ്ടും സീറ്റുകൾ കിട്ടി. മുതിർന്ന കോൺഗ്രസ് നേതാവ് സി. നഗുൻലിയാൻചുങ്കയാണ് വിജയിച്ച ഏക കോൺഗ്രസ് അംഗം. ലൗഗൻത്ലൈ വെസ്റ്റിൽനിന്ന് മൂന്നാം തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.
2017ൽ മാത്രം പിറവിയെടുത്ത സോറം പീപ്പിൾസ് മൂവ്മെന്റിന്റെ രണ്ടാമത് നിയമസഭാ തെരഞ്ഞെടുപ്പാണിത്. സെഡ്പിഎം നേതാവ് ലാൽദുഹൊമ സെർച്ചിപ് മണ്ഡലത്തിൽനിന്നാണ് വിജയിച്ചത്. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ജെജെ ലാൽപെഖ്ലുവയും സെഡ്പിഎം ടിക്കറ്റിൽ വിജയിച്ചിട്ടുണ്ട്. സൗത്ത് ട്യുപിയു മണ്ഡലത്തിൽ എംഎൻഎഫ് നേതാവ് ഡോ. ആർ. ലാൽതങ്കലിയാനയെയാണ് ലാൽപെഖ്ലുവ പരാജയപ്പെടുത്തിയത്.
ആദ്യമായി മൂന്നു വനിതകൾ
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകൾ നിയമസഭയിലെത്തുന്നു എന്ന പ്രത്യേകതയും ഇക്കുറി മിസോറമിൽ സംഭവിച്ചു. സെഡ്പിഎം സ്ഥാനാർഥികളായ ബറിൽ വന്ന്യഹസംങ്കി ത്ലൗ ഐസ്വാൾ സൗത്ത് 3ൽനിന്നും ലാൽറിൻപുലി ലുൻഗലൈ ഈസ്റ്റിൽനിന്നും വിജയിച്ചപ്പോൾ എംഎൻഎഫ് ടിക്കറ്റിൽ മത്സരിച്ച പ്രവോ ചക്മ വെസ്റ്റ് ട്യുപിയുവിൽ വിജയം കണ്ടു.
സോറംതങ്ക രാജിവച്ചു
തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട മിസോറം മുഖ്യമന്ത്രി സോറംതങ്ക രാജിവച്ചു. ഇന്നലെ വൈകുന്നേരം നാലിന് ഗവർണർ ഹരി ബാബു കമ്പംപെട്ടിയെ സന്ദർശിച്ചാണ് രാജിക്കത്ത് നൽകിയത്.
1987ൽ സംസ്ഥാനം രൂപീകൃതമായതിൽപ്പിന്നെ കോൺഗ്രസും എംഎൻഎഫും മാത്രമായിരുന്നു അധികാരത്തിലെത്തിയിരുന്നത്.