മണിപ്പുരിൽ ഏറ്റുമുട്ടൽ; 13 പേർ കൊല്ലപ്പെട്ടു
Tuesday, December 5, 2023 3:16 AM IST
ഇംഫാൽ: ഇടവേളയ്ക്കുശേഷം മണിപ്പുരിൽ വീണ്ടും അക്രമം. മ്യാൻമർ അതിർത്തിപ്രദേശമായ തെംഗ്നൗപാൽ ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ 13 പേർ മരിച്ചു. ജില്ലയിലെ സെയ്ബൊലിനടുത്ത് ലെയ്തു ഗ്രാമത്തിലാണ് വെടിവയ്പുണ്ടായത്.
രഹസ്യവിവരത്തെത്തുടർന്ന് കരസേനാംഗങ്ങളും അർധസൈനികവിഭാഗമായ ആസാം റൈഫിൾസ് ജവാന്മാരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് 13 മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
മരിച്ചവർ ലെയ്ത് ഗ്രാമത്തിൽനിന്നുള്ളവരല്ലെന്നും മറ്റേതോ സ്ഥലത്തുനിന്ന് എത്തി ഏറ്റുമുട്ടൽ നടത്തുകയായിരുന്നുവെന്നും സൈനികർ സൂചിപ്പിച്ചു. അതേസമയം, മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ സുരക്ഷാസേനയോ പോലീസോ വെളിപ്പെടുത്തിയിട്ടില്ല.
മ്യാൻമറിലേക്ക് പോകുകയായിരുന്ന ഒരുസംഘം തീവ്രവാദികളെ തെംഗ്നൗപാൽ ജില്ലയിൽ സജീവമായ മറ്റൊരു സംഘം തീവ്രവാദികൾ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന തീവ്രവാദസംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫോഴ്സു(യുഎൻഎൽഎഫ്) മായി കേന്ദ്രസർക്കാരും മണിപ്പുർ സർക്കാരും നാലുദിവസം മുന്പ് സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു.
സംഘടനയിലെ ഒരു വിഭാഗം സമാധാന കരാറിനെ എതിർത്തിരുന്നു. ഏഴു മാസമായി തുടരുന്ന കലാപത്തിനൊടുവിൽ സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിലേക്ക് മടങ്ങിവരുന്നുവെന്ന സൂചനകൾക്കിടയിലാണ് വീണ്ടും ഏറ്റുമുട്ടൽ മരണം ഉണ്ടായിരിക്കുന്നത്.
കലാപത്തെത്തുടർന്ന് ഏഴുമാസമായി അതിർത്തി ജില്ലകളിൽ വിച്ഛേദിച്ചിരുന്ന ഇന്റർനെറ്റ് സേവനം ഞായറാഴ്ച പുനഃസ്ഥാപിച്ചിരുന്നു.