ചെന്നൈ നഗരത്തിൽ മുതല
Tuesday, December 5, 2023 3:16 AM IST
ചെന്നൈ: കനത്ത മഴയിൽ വെള്ളക്കെട്ടിലായ ചെന്നൈ നഗരത്തിൽ മുതല പ്രത്യക്ഷപ്പെട്ടു. നഗരത്തിലെ പെരുംഗളത്തുർ-നെടുംഗുണ്ട്രം റോഡിലാണ് ഇന്നലെ പുലർച്ചെ സ്കൂട്ടർ യാത്രികൻ മുതലയെ കണ്ടത്. ഇദ്ദേഹം ഇതു വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ എങ്ങും പരിഭ്രാന്തിയായി.
വിവരം ശ്രദ്ധയിൽപ്പെട്ട വനം-പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു, നഗരത്തിലെ ചില തടാകങ്ങളിൽ മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളുണ്ടെന്നും ഇവയായിരിക്കാം കനത്ത മഴയിൽ റോഡിലിറങ്ങിയതെന്നും പ്രകോപിപ്പിച്ചില്ലെങ്കിൽ അവ നിരുപദ്രവകാരികളാണെന്നും ആശങ്ക വേണ്ടെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ തുടരുന്നതിനാൽ മുതലയെ പിടികൂടാനായില്ല. കേളന്പാക്കം റോഡിലെ വെള്ളക്കെട്ടിൽ മുതലയുണ്ടെന്നും മഴയ്ക്കു ശമനമായാലുടൻ അതിനെ പിടികൂടുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.