വ്യോമസേനാ വിമാനം തകർന്ന് രണ്ടു പൈലറ്റുമാർ മരിച്ചു
Tuesday, December 5, 2023 3:15 AM IST
ഹൈദരാബാദ്: പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ ചെറുവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. തെലുങ്കാനയിലെ മേദക് ജില്ലയിൽപ്പെട്ട രാവെലി ഗ്രാമത്തിലെ തൂപ്രാനിൽ ഇന്നലെ രാവിലെ 8.34നായിരുന്നു അപകടം.
ഡുൻഡുഗൽ എയർഫോഴ്സ് അക്കാഡമിയുടെ പിലാറ്റസ് പിസി7 എംകെ 2 വിമാനമാണ് തകർന്നുവീണതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യോമസേന അറിയിച്ചു. തകർന്നുവീണ് മിനിറ്റുകൾക്കുള്ളിൽ വിമാനം പൂർണമായും കത്തിനശിച്ചു.
പരിശീലകനായ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. വിമാനം തകർന്ന് പൈലറ്റുമാർ മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം ആരംഭിച്ചു.