പാർലമെന്റ് ശീതകാല സമ്മേളനത്തിനു തുടക്കം
Tuesday, December 5, 2023 3:15 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ നേടിയ വൻവിജയത്തിന്റെ പശ്ചാത്തലത്തിൽ “മൂന്നാമതും മോദി സർക്കാർ’’ (തീസ്രി ബാർ മോദി സർക്കാർ, ബാർ ബാർ മോദി സർക്കാർ) എന്ന മുദ്രാവാക്യം വിളികളോടെയാണു ഭരണപക്ഷ എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാർലമെന്റിനുള്ളിലേക്കു വരവേറ്റത്.
തൃണമൂൽ കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്നലെ പാർലമെന്റിൽ വച്ചില്ല. റിപ്പോർട്ട് ഇന്നു ലോക്സഭയിൽ സമർപ്പിച്ചേക്കുമെന്നാണു സൂചന. സസ്പെൻഷനിലായിരുന്ന ആം ആദ്മി പാർട്ടി എംപി രാഘവ് ഛദ്ദ ഇന്നലെ രാജ്യസഭയിൽ സുപ്രീംകോടതിക്കും സഭാമേധാവികൾക്കും നന്ദി പറഞ്ഞു. ഛദ്ദയെ തിരിച്ചെടുക്കാനുള്ള പ്രമേയം രാജ്യസഭ ശബ്ദവോട്ടിലൂടെ പാസാക്കി.
കഴിഞ്ഞ സമ്മേളനത്തിൽ തന്നെ വർഗീയമായി അധിക്ഷേപിച്ച ബിജെപി എംപി രമേഷ് ബിഡൂരിക്കെതിരേ നടപടി ആവശ്യപ്പെട്ടു പ്ലക്കാർഡ് ഉയർത്തിയ ബിഎസ്പി എംപി ഡാനിഷ് അലിയെ സ്പീക്കർ ഓം ബിർല താക്കീത് ചെയ്തതിനെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തി. ഇതോടെ രാവിലെ 11ന് സമ്മേളിച്ച ലോക്സഭ വൈകാതെ 12 വരെ പിരിഞ്ഞു. പിന്നീട് കക്ഷിനേതാക്കളുമായി സ്പീക്കറും മന്ത്രിമാരും നടത്തിയ ചർച്ചയെത്തുടർന്ന് ലോക്സഭയും രാജ്യസഭയും തടസമില്ലാതെ നടന്നു.
അഭിഭാഷകവൃത്തി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള 2023ലെ അഭിഭാഷക ഭേദഗതി ബില്ലും 2023ലെ പോസ്റ്റ് ഓഫീസ് ബില്ലും പാസാക്കിയശേഷം രാജ്യസഭയും ലോക്സഭയും ഇന്നു ചേരാനായി പിരിഞ്ഞു. രാജ്യത്തെ കോടതികളിൽ കുറ്റവാളികളുടെ റോൾ ഉണ്ടാകരുതെന്ന്, വക്കീൽ തൊഴിലിനെ ഒരൊറ്റ നിയമത്തിലൂടെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്ന ബില്ലിനെക്കുറിച്ചു നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പറഞ്ഞു.
സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം, അടിയന്തരാവസ്ഥ അല്ലെങ്കിൽ പൊതുസുരക്ഷ എന്നിവയെ മുൻനിർത്തി ഏതെങ്കിലും ഇനം തടയാനോ തുറക്കാനോ തടങ്കലിൽ വയ്ക്കാനോ സർക്കാരിന് അവകാശം നൽകുന്ന നിയമം പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.