പ്രതിപക്ഷത്തിന്റെ നിരാശ പാർലമെന്റിൽ പ്രകടിപ്പിക്കരുത്: മോദി
Tuesday, December 5, 2023 3:15 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു പരാജയത്തിന്റെ നിരാശ പ്രതിപക്ഷം പാർലമെന്റിനുള്ളിൽ പ്രകടിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം പകരുന്നതാണ്. നല്ല ഭരണമുണ്ടായാൽ ഭരണവിരുദ്ധ വികാരമെന്നത് അപ്രസക്തമാകുമെന്നും മോദി പറഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒന്പതു വർഷമായി പ്രതിപക്ഷം തുടരുന്ന നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് നിർണായക സ്ഥാനമാണുള്ളതെന്നു മനസിലാക്കണമെന്നും മോദി പറഞ്ഞു.
ജനങ്ങൾ വോട്ട് ചെയ്തതു ബിജെപിയുടെ നല്ല ഭരണത്തിനാണ്. പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയത്തെ രാജ്യം തള്ളിക്കളഞ്ഞു. നിങ്ങൾ ക്രിയാത്മകമായി മുന്നോട്ടു പോയാൽ പുതിയ വാതിലുകൾ തുറക്കപ്പെടും.
പാർലമെന്റിനെ പ്രതിപക്ഷം സ്വാർഥതാത്പര്യങ്ങൾക്കു വേദിയാക്കരുത്. വിദ്വേഷം പല രീതിയിലും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇതെല്ലാം കണ്ടില്ലെന്നു നടിക്കുന്നത് നിഷേധാത്മകമായ പ്രതിഛായയാണ് ഉണ്ടാക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.