രാജസ്ഥാൻ: സമ്മർദവുമായി വസുന്ധര രാജെ
Tuesday, December 5, 2023 3:15 AM IST
ജയ്പുർ: രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സമ്മർദം ശക്തമാക്കി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. ഇതിന്റെ ഭാഗമായി 20 എംഎൽഎമാർ ഇന്നലെ വസുന്ധര രാജെയുടെ വീട്ടിൽ യോഗം ചേർന്നു.
മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യ വസുന്ധരയാണെന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ, വസുന്ധരയെ മുഖ്യമന്ത്രിയാക്കുന്നതിനോട് കേന്ദ്രനേതൃത്വത്തിന് താത്പര്യമില്ലെന്നാണു സൂചന. വസുന്ധര രാജെയ്ക്കു പുറമെ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്, ലോക്സഭാംഗങ്ങളായ ദിയാകുമാരി, ബാബാ ബാലക് നാഥ് എന്നിവരും ഈ സ്ഥാനം ലക്ഷ്യമിട്ട് നീക്കം നടത്തുന്നുണ്ട്.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ഇന്നലെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് അമിത്ഷാ, പാർട്ടി രാജസ്ഥാൻ അധ്യക്ഷൻ സി.പി.ജോഷി, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ യോഗം ചേർന്നെങ്കിലും തീരുമാനത്തിലെത്താനായില്ല.