തെരഞ്ഞെടുപ്പുഫലത്തിൽ സംശയം പ്രകടിപ്പിച്ച് മായാവതി
Tuesday, December 5, 2023 3:15 AM IST
ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിൽ ആരോപണവുമായി ബിഎസ്പി അധ്യക്ഷ മായാവതി. വോട്ടെണ്ണൽസമയത്ത് പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു.
എന്നാൽ വളരെ പെട്ടെന്ന് ഫലം ഏകപക്ഷീയമായത് ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണെന്ന് മായാവതി എക്സിൽ കുറിച്ചു. ഇത്തരമൊരു ഫലം വിശ്വസിക്കാൻ സാധാരണക്കാരായ വോട്ടർമാർക്കു കഴിയില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം കേവലം ഒരു കക്ഷിക്ക് അനുകൂലമായിരുന്നു. ബിഎസ്പിയുടെ മുഴുവൻ സംഘടനാ സംവിധാനവും ഒത്തൊരുമിച്ചു പ്രവർത്തിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടന്നത്. എന്നാൽ അത്തരമൊരു ഫലമല്ല പുറത്തുവന്നതെന്നും മായാവതി കൂട്ടിച്ചേർത്തു.
ഇങ്ങനെയൊരു വിധി വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ജനങ്ങൾക്കിടയിൽ ഇത് സംശയത്തിനും ആശങ്കയ്ക്കും കാരണമാകും. അംബേദ്കറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ ബിഎസ്പി പ്രവർത്തകർ ശ്രമിക്കണമെന്നും തെരഞ്ഞെടുപ്പു ഫലങ്ങളിൽ അസ്വസ്ഥരാകാതെ മുന്നോട്ടു പോകാനുള്ള കരുത്ത് പ്രസ്ഥാനത്തിനുണ്ടെന്നും മായാവതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ വോട്ടിംഗ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഈ മാസം പത്തിന് ബിഎസ്പിയുടെ അഖിലേന്ത്യാ യോഗം ചേരും. നാലു സംസ്ഥാനങ്ങളിൽ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പു തോൽവിയാണ് ലക്നോയിൽ നടക്കുന്ന യോഗത്തിൽ പ്രധാനമായും ചർച്ചയാകുക.