രാഘവ് ഛദ്ദയുടെ അംഗത്വം പുനഃസ്ഥാപിച്ചു
Tuesday, December 5, 2023 3:15 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിലാണ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്തു 115 ദിവസങ്ങൾക്കുശേഷമാണ് പഞ്ചാബിൽനിന്നുള്ള എംപിയായ രാഘവ് ഛദ്ദയുടെ അംഗത്വം പുനഃസ്ഥാപിച്ചത്.
വിവാദമായ ഡൽഹി സർവീസ് ഓർഡിനൻസ് പഠിക്കുന്നതിനായുള്ള സമിതിയിൽ എംപിമാരുടെ പേരുകൾ അവരുടെ സമ്മതമില്ലാതെ നിർദേശിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു നടപടി. ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ അഞ്ച് എംപിമാരുടെ വ്യാജ ഒപ്പുകളിട്ടുവെന്നും സഭാനടപടികളെ തടസപ്പെടുത്തിയെന്നും ആരോപിച്ചാണു രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്തത്.
ആരോപണത്തിൽ ഓഗസ്റ്റ് 11 മുതൽ പ്രിവിലേജ് കമ്മിറ്റി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് ഛദ്ദയെ സസ്പെൻഡ് ചെയ്തിരുന്നത്. എന്നാൽ അനിശ്ചിതകാല സസ്പെൻഷൻ ചോദ്യംചെയ്തു ഛദ്ദ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനെ കാണാനും നിരുപാധികം മാപ്പെഴുതി നൽകാനും സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് രാഘവ് ഛദ്ദയോട് നിർദേശിച്ചു. വിഷയത്തിൽ ചെയർമാൻ അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
സഭയുടെ മാഹാത്മ്യത്തിനു കോട്ടം വരുത്തണമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും രാജ്യസഭാ ചെയർമാനെ നേരിൽക്കണ്ടു മാപ്പെഴുതി നൽകുമെന്നും ഛദ്ദ കോടതിയെ അറിയിച്ചു. സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും സുപ്രീംകോടതിക്കും രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനും നന്ദിയറിയിക്കുന്നതായും രാഘവ് ഛദ്ദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
മഹുവ പുറത്തോ? റിപ്പോർട്ട് പരിഗണിച്ചില്ല
തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ലോക്സഭ പരിഗണിച്ചില്ല. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണം വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭയിൽനിന്ന് മഹുവയെ പുറത്താക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. ശൈത്യകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ റിപ്പോർട്ട് സമർപ്പിച്ചു നടപടിയെടുക്കുമെന്നായിരുന്നു എത്തിക്സ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചിരുന്നത്.
എത്തിക്സ് കമ്മിറ്റി ചെയർപേഴ്സണ് വിനോദ് കുമാർ സോങ്കർ പാനലിന്റെ റിപ്പോർട്ട് ലോക്സഭയുടെ മേശപ്പുറത്തു വയ്ക്കും. സമിതിയുടെ ശിപാർശയ്ക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മഹുവയ്ക്ക് പുറത്തുപോകേണ്ടി വരും. ലോക്സഭയിൽ ഭൂരിപക്ഷമുള്ള ബിജെപി മഹുവയെ പുറത്താക്കാനുള്ള നീക്കങ്ങൾ ശക്തമാക്കും. എന്നാൽ മഹുവയെ അയോഗ്യയാക്കാനുള്ള നീക്കം എങ്ങനെയും തടയാനാണു പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. എത്തിക്സ് കമ്മിറ്റി നടപടിക്കെതിരേ കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം ലോക്സഭാ സ്പീക്കർക്ക് കത്തയച്ചിരുന്നു. മഹുവയുടെ പാർലമെന്റ് ഐഡി വിദേശത്ത് ഓപ്പണ് ചെയ്തതിൽ എന്താണ് അച്ചടക്കലംഘനമെന്ന് അധീർ രഞ്ജൻ കത്തിൽ ചോദിച്ചു.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനി ഗ്രൂപ്പിനുമെതിരേ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽനിന്നു പണവും പാരിതോഷികവും സ്വീകരിച്ചുവെന്നാണ് മഹുവ മൊയ്ത്രയ്ക്ക് എതിരേയുള്ള ആരോപണം.
എത്തിക്സ് കമ്മിറ്റിയുടെ 500 പേജുള്ള റിപ്പോർട്ടിൽ മഹുവയുടെ പ്രവൃത്തികൾ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അർഹിക്കുന്നതാണെന്നും പരാമർശമുണ്ട്.
ഡാനിഷ് പ്രതിഷേധച്ചു ; ലോക്സഭ 12 വരെ നിർത്തിവച്ചു
തനിക്കെതിരേ അപകീർത്തി പരാമർശം നടത്തിയ ബിജെപി അംഗം രമേഷ് ബിധുരിയെ പുറത്താക്കണമെന്നാവശ്യപ്പെട്ടു ബിഎസ്പി എംപി ഡാനിഷ് അലി പ്രതിഷേധമുയർത്തി. ശീതകാല സമ്മേളനത്തിന്റെ ആദ്യ ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ അപകീർത്തി പരാമർശത്തെത്തുടർന്നുള്ള പരാതി ഡാനിഷ് അലി ഉന്നയിക്കുകയായിരുന്നു. സഭയുടെ അന്തസ് കെടുത്തുന്ന പരമാർശമാണ് ബിധുരി നടത്തിയതെന്ന് ഡാനിഷ് ചൂണ്ടിക്കാട്ടി. പ്രതിഷേധത്തെത്തുടർന്ന് ലോക്സഭ 12 വരെ നിർത്തിവച്ചു.