മിഷോങ്ങ് ചുഴലിക്കൊടുങ്കാറ്റ്: ആന്ധ്രയിലും തമിഴ്നാട്ടിലും ജാഗ്രത
Monday, December 4, 2023 1:59 AM IST
ചെന്നൈ: മിഷോങ്ങ് ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കൊടുങ്കാറ്റായി ഇന്ന് ദക്ഷിണ ആന്ധ്രാപ്രദേശിലും വടക്കൻ തമിഴ്നാട് തീരങ്ങളിലും വീശിയടിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിനു മുന്നോടിയായി ആന്ധ്രാ, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തീരമേഖലകളിൽ ശക്തമായ മഴ തുടരുകയാണ്.
ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നുകഴിഞ്ഞു. രക്ഷാപ്രവർത്തനത്തിനായി ദുരന്ത നിവാരണ പ്രതികരണ സേനകളെയും സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
പുതുച്ചേരി, കാരക്കൽ, യാനം മേഖലകളിലും ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളുവർ, കാഞ്ചീപുരം ജില്ലകളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.