രേവന്ത് റെഡി!
Monday, December 4, 2023 1:38 AM IST
ബിജോ മാത്യു
അനുമൂല രേവന്ത് റെഡ്ഢി എന്ന കൊടുങ്കാറ്റിൽ കെ. ചന്ദ്രശേഖർ റാവു എന്ന വൻമരം കടപുഴകി. പത്തു വർഷം നിരന്തരം തിരിച്ചടികളേറ്റ കോണ്‍ഗ്രസിനെ രേവന്ത് എന്ന അന്പത്തിനാലുകാരൻ ചുമലിലേറ്റി അധികാരത്തിലെത്തിച്ചു. തെലുങ്കാന മുഖ്യമന്ത്രിസ്ഥാനവും രേവന്തിനാണ്. പ്രധാനനേതാക്കളെല്ലാം പ്രചാരണം അവരുടെ മണ്ഡലങ്ങളിൽ മാത്രം ഒതുക്കിയപ്പോൾ രേവന്ത് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് സ്ഥാനാർഥികൾക്കായി ഓടിയെത്തി.
കെസിആറിനെ വെല്ലുവിളിച്ച്
രാഷ്ട്രീയ ചാണക്യനായ കെസിആറിനെ വെല്ലുവിളിക്കാൻ കെൽപ്പുള്ളയാൾ നയിക്കാനെത്തിയതോടെ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവേശം വാനോളം ഉയർന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം രേവന്ത് റെഡ്ഢി നയിച്ച വിജയഭേരി യാത്ര പ്രവർത്തകർക്കു പകർന്ന ഊർജം വലുതായിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർക 108 ദിവസംകൊണ്ട് നടത്തിയ 1364 കിലോമീറ്റർ പദയാത്രയും കെസിആർ സർക്കാരിനെതിരേ ജനവികാരമുയർത്തിയിരുന്നു.
എന്നാൽ, കെസിആർവിരുദ്ധ വികാരം ആളിക്കത്തിച്ചത് രേവന്താണ്. ജനനായകനായ രേവന്തിന്റെ യോഗങ്ങൾക്കെത്തിയിരുന്നത് പതിനായിരങ്ങളായിരുന്നു. കെസിആറിനെതിരേ ആഞ്ഞടിക്കാനുള്ള ഒരു അവസരവും രേവന്ത് പാഴാക്കിയില്ല. ‘കെസിആർ ഡിസംബർ മൂന്നിനു വിരമിക്കും. അദ്ദേഹത്തിനായി ഞങ്ങൾ ഒരു ഡബിൾ ബെഡ്റൂം വീട് പണിയും. എവിടെയെന്നോ? ചെർലപ്പള്ളി ജയിലിൽ’’- രേവന്തിന്റെ കടന്നാക്രമണത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്.
തെലുങ്കാന രൂപീകരിച്ചത് കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ സർക്കാരായിരുന്നെങ്കിലും നേട്ടം കൊയ്തത് ചന്ദ്രശേഖർ റാവു ആയിരുന്നു. 2014ലും 2018ലും ഭരണം പിടിച്ച റാവു പത്തു വർഷം തെലുങ്കാന കൈപ്പിടിയിലൊതുക്കി. റാവുവിനോട് എതിർത്തുനില്ക്കാൻ കെൽപ്പുള്ള ഒറ്റ നേതാവു പോലും കോണ്‍ഗ്രസിലില്ലായിരുന്നു. പ്രവർത്തകസമിതിയംഗമായിരുന്ന കെ. കേശവറാവു ഉൾപ്പെടെയുള്ള പ്രമുഖർ തെലുങ്കാന പ്രക്ഷോഭകാലത്തുതന്നെ ടിആർഎസിലെത്തി.
പിസിസി അധ്യക്ഷനായിരുന്ന ഡി. ശ്രീനിവാസ്, മുൻ ആഭ്യന്തര മന്ത്രി സബിത ഇന്ദ്ര റെഡ്ഢി തുടങ്ങിയ പ്രമുഖരെല്ലാം കോൺഗ്രസ് അധികാരത്തിനു പുറത്തായതോടെ ടിആർസിൽ(ഇപ്പോൾ ബിആർഎസ്) അഭയം തേടി. ഡി. അരുണ ഉൾപ്പെടെയുള്ളവർ ബിജെപിയിലെത്തി. തലയെടുപ്പുള്ള നേതാവില്ലാതെ കോൺഗ്രസ് പ്രതിസന്ധിയിലായ ഘട്ടത്തിലായിരുന്നു രേവന്ത് റെഡ്ഢിയുടെ വരവ്.
ബിജെപിയുമായി ഒളിഞ്ഞും ഒവൈസിയുമായി തെളിഞ്ഞും കൈകോർത്ത ചന്ദ്രശേഖർ റാവുവിന് തെലുങ്കാന കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യണമെന്ന ലക്ഷ്യമുണ്ടായിരുന്നു. രണ്ടു തവണയും വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് എംഎൽഎമാരെ റാവു ചാക്കിട്ടു പിടിച്ചു. 2018ൽ കോണ്‍ഗ്രസ് ടിക്കറ്റിൽ വിജയിച്ചത് 19 പേരായിരുന്നു. ഇവരിൽ 12 പേർ രാജിവച്ച് ടിആർഎസിൽ ചേർന്നു.
2014ൽ 21 കോണ്‍ഗ്രസ് എംഎൽഎമാരിൽ ഏഴു പേർ ടിആർഎസിലേക്കു കൂറുമാറി. വൈകാതെ സംസ്ഥാനത്തു ബിജെപിക്കു പിന്നിൽ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേടിയത് നാമമാത്ര വോട്ടായിരുന്നു. അവിടെനിന്നാണു രേവന്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിച്ചത്.
രാഷ്ട്രീയ ഉയർച്ച
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതിനു സമാനമാണു രേവന്തിന്റെ രാഷ്ട്രീയ ഉയർച്ച. കോണ്‍ഗ്രസിലെത്തി ഏഴാം വർഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയായെങ്കിൽ, കോണ്‍ഗ്രസുകാരനായി ആറാം വർഷം രേവന്തിനെത്തേടി തെലുങ്കാന മുഖ്യമന്ത്രിപദമെത്തി. സിദ്ധരാമയ്യയെപ്പോലെ കോണ്‍ഗ്രസ്വിരുദ്ധ രാഷ്ട്രീയത്തിലായിരുന്നു രേവന്തിന്റെയും തുടക്കം. വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹം എബിവിപി അംഗമായിരുന്നു.
2004ൽ ടിഡിപിയിൽ ചേർന്ന രേവന്ത് 2009ൽ ടിഡിപി ടിക്കറ്റിൽ കൊടങ്കലിൽനിന്ന് നിയമസഭാംഗമായി. 2014ൽ തെലുങ്കാന രൂപീകരിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിലും കൊടങ്കലിൽ വിജയിച്ചു. ടിഡിപി നേതൃത്വവുമായി തെറ്റിയ രേവന്ത് 2017ൽ കോണ്‍ഗ്രസിലെത്തി.
2018ൽ കൊടങ്കലിൽ തോറ്റു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽകാജ്ഗിരി മണ്ഡലത്തിൽനിന്നു വിജയിച്ചു. 2021 ജൂണിൽ ടിപിസിസി അധ്യക്ഷനായി. ഇത്തവണ കൊടങ്കലിൽ 32,532 വോട്ടിനാണ് രേവന്ത് വിജയിച്ചത്.