ഹിന്ദുത്വ കാർഡിന്റെ കളികൾ
Monday, December 4, 2023 1:38 AM IST
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജനക്ഷേമ പദ്ധതികളുടെയും മോദി മാജിക്കിന്റെയും സമ്മിശ്ര നേട്ടമാകും ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ ജയം ഉറപ്പിച്ചത്. ആധികാരികമായ വൻവിജയമാണ് ബിജെപി നേടിയത്. ഭരണവിരുദ്ധ വികാരം ഉണ്ടായില്ലെന്നു മാത്രമല്ല, ഭരണം നേട്ടമാക്കി മാറ്റിയതാണ് മധ്യപ്രദേശിൽ കണ്ടത്.
ജാതി, മത വ്യത്യാസമില്ലാതെ മധ്യപ്രദേശിലെ 21നും 60നും ഇടയിലുള്ള രണ്ടര ലക്ഷത്തിൽ താഴെ വരുമാനമുള്ള മുഴുവൻ വനിതകൾക്കും മാസം തോറും 1,250 രൂപ വീതം നൽകുന്ന ലാഡ്ലി ബെഹന പദ്ധതിയാകും മുഖ്യം. കഴിഞ്ഞ മാർച്ച് അഞ്ചിനു മാത്രം പ്രഖ്യാപിച്ചതാണെങ്കിലും ഇതിനു വലിയ പ്രീതി നേടാനായി. 250 രൂപ വീതം വർധിപ്പിച്ച് ഈ സമ്മാനം 3,000 രൂപയായി ഉയർത്തുമെന്നും ശിവരാജ് സിംഗ് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ക്ഷേമ പദ്ധതികൾ വോട്ടർമാരെ സ്വാധീനിച്ചു. എന്നാൽ, മൃദുഹിന്ദുത്വവും ജാതി സെൻസസും ഉയർത്തി ബിജെപിയെ മറികടക്കാമെന്ന അതിമോഹമായിരുന്നു കോണ്‍ഗ്രസിന്. കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശിൽ ഹിന്ദുത്വ രാഷ്ട്രീയമാണ് മറയില്ലാതെ കോണ്‍ഗ്രസ് കളിച്ചത്. എന്നാൽ ബിജെപിയുടെ ഹിന്ദുത്വ പരീക്ഷണ ശാലകളിൽ മുഖ്യമായ മധ്യപ്രദേശിൽ കമൽനാഥിന്റെ ഹിന്ദുത്വ കാർഡ് വിലപ്പോയില്ല.
ജവഹർലാൽ നെഹ്റുവിന്റെ മതതേര മൂല്യങ്ങളിൽ വെള്ളം ചേർത്ത രാഷ്ട്രീയക്കളികളും ന്യൂനപക്ഷത്തെ പ്രബല സമുദായത്തോടുള്ള അമിതമായ പ്രീണനവും ഉത്തരേന്ത്യയിലെ വോട്ടർമാരെ കോണ്‍ഗ്രസിൽ നിന്നകറ്റി. രാഹുൽ ഗാന്ധി വയനാട്ടിലെത്തി മൽസരിച്ചത് അടക്കം കേരളത്തിലും കർണാടകത്തിലും തെലുങ്കാനയിലും മറ്റും നേട്ടമുണ്ടാക്കിയ അതേ കളികളാണ് അമേത്തിയിൽ ഉൾപ്പെടെ വടക്കൻ ഭാരതത്തിൽ കോണ്‍ഗ്രസിനും രാഹുലിനും തിരിച്ചടിയായത്.
കൈവിടരുത്, മതേതരത്വം
സംസ്ഥാന നേതാക്കളുടെ താൻ പ്രമാണിത്വവും ഏകാധിപത്യ ശൈലികളും മറയില്ലാതെ ഗ്രൂപ്പു പോരുകളും മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനു വിനയായി. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും നടത്തിയ പോർവിളികളും മുഖ്യമന്ത്രി പദത്തിനായുള്ള വടംവലികളും എല്ലാ പരിധികളും വിട്ടു. 2018ൽ കോണ്‍ഗ്രസിനു പിന്നിൽ ഉറച്ചുനിന്ന സച്ചിന്റെ ഗുജ്ജർ സമുദായത്തിലെ ഒരു വിഭാഗം ഇത്തവണ മാറി വോട്ടു ചെയ്യാൻ നിർബന്ധിതമായി.