കോൺഗ്രസിന് ആശ്വാസമായി തെലുങ്കാന വിജയം
Monday, December 4, 2023 1:38 AM IST
ഹിന്ദി ഹൃദയഭൂമിയിൽ തോറ്റന്പിയെങ്കിലും ഹൈദരാബാദ് നഗരമുൾപ്പെടുന്ന തെലുങ്കാനയിലെ വിജയം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചെറുതല്ലാത്ത നേട്ടമാണ്. ചതുഷ്കോണ മത്സരത്തിനൊടുവിലാണ് പാർട്ടി അധികാരത്തിലേറിയതെന്നതാണു ശ്രദ്ധേയം.
രണ്ടു തവണയായി അധികാരത്തിൽ തുടരുന്ന ബിആർഎസും സ്വാധീനം ശക്തമാക്കിക്കൊണ്ടിരിക്കുന്ന ബിജെപിയും മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുള്ള അസദുദ്ദീൻ ഒവൈസിയുടെ മജ്ലിസ് പാർട്ടിയും സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണു പാർട്ടി ഈ വിജയം നേടിയത്.
കെസിആറിനെ ഇക്കുറി വീഴ്ത്തി അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ കാലേകൂട്ടി നടത്തിയ ആസൂത്രണമികവാണ് തെലുങ്കാനയിൽ അധികാരം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. ഇതിനായി കേന്ദ്രനേതാക്കളുടെ നിരീക്ഷണത്തിൽ ഒരു വർഷം മുന്പേ പദ്ധതികൾ ആവിഷ്കരിച്ചു.
മധ്യപ്രദേശിൽ കമൽനാഥും രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ടും പ്രചാരണതന്ത്രം തീരുമാനിക്കുന്നതിൽ കേന്ദ്രനേതാക്കളുൾപ്പെടെയുള്ള പുറമേനിന്നുള്ളവർക്ക് അവസരമൊരുക്കിയില്ലെങ്കിൽ തെലുങ്കാനയിൽ വ്യത്യസ്തമായ കാഴ്ചയാണു കാണാനായത്. ഒരു വർഷം മുന്പ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, പാർട്ടി സംസ്ഥാന അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി, പ്രതിപക്ഷനേതാവ് എം. ഭാട്ടി വിക്രമാർക്ക എന്നിവർ യോഗം ചേർന്നു പ്രചാരണതന്ത്രങ്ങൾ ആവിഷ്കരിച്ചു.
ഇതിനെത്തുടർന്നാണ് രേവന്ത് റെഡ്ഡിയുടെയും വിക്രമാർക്കയുടെയും നേതൃത്വത്തിൽ സംസ്ഥാനവ്യാപക പദയാത്ര സംഘടിപ്പിച്ചത്. പിന്നാലെ സംസ്ഥാനത്ത് നിരീക്ഷകരെ നിയമിച്ചു. ഇവർ ബിആർഎസ് സർക്കാരിനെക്കുറിച്ചുള്ള ജനവികാരമറിയാൻ സർവേകൾ നടത്തി. സ്ഥാനാർഥികളാകാൻ യോഗ്യരായ ജനസ്വാധീനമുള്ള നേതാക്കളെ കണ്ടെത്താനായും പ്രത്യേക സർവേ നടത്തി. രാഹുലിന്റെ ഭാരത് ജോഡോ യാത്രയും കർണാടകയിൽ പാർട്ടി നേടിയ വൻ വിജയവും തെലുങ്കാനയിലെ വിജയത്തിനു പിന്നിലെ ഘടകങ്ങളാണ്.
2014ൽ ആകെയുള്ള 119 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 21 സീറ്റ് മാത്രമേ ലഭിച്ചുള്ളൂ. 25.02 ശതമാനമായിരുന്നു ലഭിച്ച വോട്ടുവിഹിതം. 2019ലാകട്ടെ നൂറു സീറ്റിൽ ഒറ്റയ്ക്കും നാലു സീറ്റിൽ സൗഹൃദമത്സരവും നടത്തിയ പാർട്ടിക്ക് 19 സീറ്റിലേ വിജയിക്കാനായുള്ളൂവെങ്കിലും വോട്ടുവിഹിതം 28.4 ശതമാനമായി ഉയർന്നു. 2019ലെ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുമായുണ്ടാക്കിയ ധാരണ വിനയായെന്നു കോൺഗ്രസ് സമ്മതിക്കുന്നുണ്ട്.
ശ്രദ്ധ ചെലുത്തി, വിജയം അരികിലെത്തി
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്കാൾ കൂടുതൽ പ്രചാരണം നടത്തിയത് തെലുങ്കാനയിലാണ്.
തെലുങ്കാനയിൽ പത്തു ദിവസം പ്രചാരണത്തിനെത്തിയ രാഹുൽ 24 പ്രചാരണപരിപാടികളിൽ പങ്കെടുത്തു. അതേസമയം, അദ്ദേഹം രാജസ്ഥാനിൽ നാലു ദിവസം സന്ദർശനം നടത്തി 11 പ്രചാരണപരിപാടികളിലും മധ്യപ്രദേശിൽ അഞ്ചു ദിവസം സന്ദർശനം നടത്തി 11 പ്രചാരണപരിപാടികളും മാത്രമേ പങ്കെടുത്തുള്ളൂ.
പ്രിയങ്കയാകട്ടെ തെലുങ്കാനയിൽ ഏഴു ദിവസമെത്തി 14 പ്രചാരണപരിപാടികളിൽ പങ്കെടുത്തപ്പോൾ മധ്യപ്രദേശിൽ 12ഉം (ഏഴു ദിവസം), ഛത്തീസ്ഗഡിൽ അഞ്ചും (മൂന്നു ദിവസം), രാജസ്ഥാനിൽ ഏഴും(നാലു ദിവസം) പ്രചാരണ പരിപാടികളിലേ പങ്കെടുത്തുള്ളൂ. ഖാർഗെയാകട്ടെ തെലുങ്കാനയിൽ ആറു ദിവസം 11 പ്രചാരണപരിപാടികളിൽ പങ്കെടുത്തപ്പോൾ രാജസ്ഥാനിൽ എട്ടും (അഞ്ചു ദിവസം) മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ആറു വീതം പ്രചാരണപരിപാടികളിലു (മൂന്നു ദിവസം വീതം)മാണ് പങ്കെടുത്തത്. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് തെലുങ്കാനയിലെ പ്രചാരണപരിപാടികൾ ഏകോപിപ്പിച്ചത്.
നിരീക്ഷണമികവ്
കേന്ദ്രനേതാക്കളുടെ നേതൃത്വത്തിൽ പാർട്ടിയുടെ പ്രചാരണപ്രവർത്തനം അഞ്ചു തലത്തിലാണ് നിരീക്ഷിച്ചത്. സംസ്ഥാന നിരീക്ഷകർ പൊതുവെയുള്ള നിരീക്ഷണം നടത്തിയപ്പോൾ പാർലമെന്റ് മണ്ഡലം കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷകരും ഓരോ മണ്ഡലങ്ങളിലെ കാര്യങ്ങൾ വിലയിരുത്തുന്നതിനായി നിരീക്ഷകരുമുണ്ടായിരുന്നു.
മണ്ഡലത്തിൽത്തന്നെ ക്ലസ്റ്ററുകൾ തിരിച്ച് താഴെത്തട്ടിലെ കാര്യങ്ങൾ വിലയിരുത്താനും നിരീക്ഷകരുണ്ടായിരുന്നു. ന്യൂനപക്ഷങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സ്വാധീനമുള്ള മണ്ഡലങ്ങളിൽ അവരുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായും പ്രത്യേക നിരീക്ഷകരെയും ചുമതലപ്പെടുത്തി.
എല്ലാ സീറ്റുകളിലെയും ജയസാധ്യത പഠിച്ചശേഷമാണു യോഗ്യരായ സ്ഥാനാർഥികളെ നിശ്ചയിച്ചത്. 15 വിമതരെ അവസാനനിമിഷം കെ.സി. വേണുഗോപാൽ ഇടപെട്ട് അനുനയിപ്പിച്ചു മത്സരരംഗത്തുനിന്ന് പിന്തിരിപ്പിച്ചതും വിജയത്തിനു സഹായകമായി.
തന്ത്രങ്ങളിൽ പിഴച്ച് കെസിആർ
ഭരണവിരുദ്ധ വികാരവും കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യവും ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞ കെസിആർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുന്പുതന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിരുന്നു.
കോൺഗ്രസിന്റേതിനേക്കാൾ മികച്ച വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. പ്രബല വിഭാഗമായ മുസ്ലിംകളെ ഒപ്പം നിർത്തുന്നതിനായി അവസാനനിമിഷം നിരവധി വാഗ്ദാനങ്ങളും പ്രഖ്യാപിച്ചു. കെസിആറും മകൾ കവിതയും ചേർന്നാണു പ്രചാരണം നയിച്ചത്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായി സൗഹാർദനിലപാടായിരുന്നു കെസിആർ സ്വീകരിച്ചത്. അതിനാൽത്തന്നെ ബിആർഎസ് ബിജെപിയുടെ ബി ടീമാണെന്ന് കോൺഗ്രസ് പലകുറി ആരോപിച്ചു. പ്രചാരണവേദികളിലും ഈ ആരോപണം കോൺഗ്രസ് ഉന്നയിച്ചു.
കെസിആറിന്റെ വഞ്ചനയ്ക്കുള്ള മധുര പ്രതികാരം

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം തെലുങ്കാനയിലെ വിജയം മധുരപ്രതികാരമാണ്. പാർട്ടിയെ വഞ്ചിച്ച കെസിആറിനോടുള്ള പ്രതികാരം. നാളുകളായി തുടരുന്ന തെലുങ്കാന പ്രക്ഷോഭത്തിനൊടുവിൽ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപീകരിക്കാൻ യുപിഎ സർക്കാർ തീരുമാനിച്ചപ്പോൾ കോൺഗ്രസ് ഒരു ഉപാധി മുന്നോട്ടുവച്ചിരുന്നു.
സംസ്ഥാനം രൂപീകരിച്ചാൽ കെ. ചന്ദ്രശേഖരറാവുവും അദ്ദേഹത്തിന്റെ പ്രസ്ഥാനമായ തെലുങ്കാന രാഷ്ട്രസമിതിയും കോൺഗ്രസിൽ ലയിക്കണമെന്നതായിരുന്നു ഉപാധി. ഇത് കെസിആർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ, പ്രത്യേക സംസ്ഥാനം രൂപീകരിച്ചതോടെ കെസിആറിന്റെ മട്ടു മാറി.
കോൺഗ്രസിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് മുന്നോട്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തെലുങ്കാന വികാരമുയർത്തി ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകകൂടി ചെയ്തതോടെ അദ്ദേഹം കോൺഗ്രസിനെ തെല്ലും ഗൗനിച്ചില്ല. രണ്ടാംവട്ടവും അധികാരത്തിലേറിയതോടെ ഏകാധിപത്യരീതിയിലായിരുന്നു ഭരണം.
മറ്റാരെയും വിശ്വാസത്തിലെടുക്കാതെ കെസിആറും മകൾ കവിതയും ചേർന്നാണു ഭരണം നടത്തിയതെന്നുവരെ ആരോപണമുണ്ടായി. ഇതിനിടെ തന്റെ പാർട്ടിയുടെ പേരു മാറ്റി ഭാരത് രാഷ്ട്രസമിതി എന്നാക്കി ദേശീയ പാർട്ടിയാക്കാനും അദ്ദേഹം ശ്രമിച്ചു.
രേവന്ത് റെഡ്ഡിയുടെ സ്വീകാര്യത

പത്തു വർഷമായി സംസ്ഥാനം ഭരിക്കുന്ന ബിആർഎസ് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ഏകാധിപത്യഭരണത്തിനെതിരേ പാർട്ടിയിൽ ഉടലെടുത്ത അതൃപ്തിയും ഭരണമാറ്റം ആഗ്രഹിക്കുന്ന പ്രബല വിഭാഗമായ റെഡ്ഡി വിഭാഗത്തിന്റെ നിലപാടുമെല്ലാം കാര്യങ്ങൾ കോൺഗ്രസിന് അനുകൂലമാക്കി.
ഇതിനെല്ലാം പുറമെ പാർട്ടി സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സ്വീകാര്യതയും കരുത്തേകി. തെലുങ്കാനയെ പാർട്ടിക്കുവേണ്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്കു നേതൃത്വം നൽകിയത് പാർട്ടിയുടെ ട്രബിൾ ഷൂട്ടറും കർണാടക ഉപമുഖ്യമന്ത്രിയും കർണാടക പിസിസി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറാണ്.
തെലുങ്കാന സംസ്ഥാനത്തെ 118 നിയമസഭാ മണ്ഡലങ്ങളിൽ 50 മണ്ഡലങ്ങൾ കർണാടകയോട് അതിർത്തി പങ്കിടുന്നവയാണ്. അതിനാൽത്തന്നെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആവിഷ്കരിച്ച പ്രചാരണ തന്ത്രങ്ങളും ജനകീയവാഗ്ദാനങ്ങളും പാർട്ടിയെ സഹായിച്ചു. കർണാടകയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പുതന്ത്രങ്ങൾക്കു രൂപംനൽകിയ സുനിൽ കനഗൊലുവിന്റെ സേവനവും പാർട്ടി ഉപയോഗപ്പെടുത്തി.
കഴിഞ്ഞ രണ്ടു തവണയും നിർണായകമായ ന്യൂനപക്ഷ വോട്ടുകൾ ബിആർഎസിലേക്കു പോയതാണു പാർട്ടിയുടെ പരാജയത്തിനു പ്രധാന കാരണമെന്ന് കോൺഗ്രസ് കണ്ടെത്തിയിരുന്നു.
ഈ സാഹചര്യത്തിൽ കാലേകൂട്ടി ന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള തന്ത്രങ്ങൾക്ക് രൂപംനൽകി. ഇതിനായി രൂപീകരിച്ച മൈനോറിറ്റീസ് ഡിക്ലറേഷൻ കമ്മിറ്റി സംസ്ഥാനത്തുടനീളം യോഗങ്ങൾ വിളിച്ചുചേർത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളുമായി ചർച്ചകൾ നടത്തി പ്രധാന ആവശ്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തി.