ജനവിധി അംഗീകരിക്കുന്നു: രാഹുൽ
Monday, December 4, 2023 1:38 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലുമുണ്ടായ ജനവിധി അംഗീകരിക്കുന്നുവെന്നും പ്രത്യയശാസ്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
തെലുങ്കാനയിൽ പാർട്ടിയെ അധികാരത്തിലേറ്റിയ ജനങ്ങൾക്കു നന്ദി പറഞ്ഞ രാഹുൽ, അവിടത്തെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി.
തെലുങ്കാനയിൽ പാർട്ടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും ഇതു ജനങ്ങളുടെ വിജയമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ പറഞ്ഞു. തെലുങ്കാനയിലെ ജനങ്ങളോട് നന്ദി പറയുന്നതായും സമാധാനം, അഭിവൃദ്ധി, പുരോഗതി എന്നിവയ്ക്കായി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
പ്രതിപക്ഷ ചുമതല വഹിക്കാൻ പാർട്ടിയെ നിയോഗിച്ച രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും നന്ദി പറഞ്ഞ പ്രിയങ്ക, ജനവിധിയെ എളിമയോടെ സ്വീകരിക്കുന്നതായും വ്യക്തമാക്കി.
അതേസമയം, 2003ൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും പരാജയം നേരിട്ട കോൺഗ്രസ് തൊട്ടടുത്ത വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ച ചരിത്രം മുന്നിലുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.