രേവന്ത് റെഡിയെ സന്ദർശിച്ചു; ഡിജിപിക്കു സസ്പെൻഷൻ
Monday, December 4, 2023 1:38 AM IST
ഹൈദരാബാദ്: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, തെലുങ്കാന മുഖ്യമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്ന കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചു പൂച്ചെണ്ട് നൽകിയ ഡിജിപി അഞ്ജാനി കുമാറിനെ തെരഞ്ഞെടുപ്പു കമ്മീഷൻ സസ്പെൻഡ് ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണു സസ്പെൻഷൻ.
ഇതിനു പിന്നാലെ പുതിയ ഡിജിപിയായി ആന്റി കറപ്ഷൻ ബ്യൂറോ ഡിജിപി രവി ഗുപ്തയെ നിയമിച്ച് സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കി.
തെരഞ്ഞെടുപ്പുനടപടികൾ പൂർത്തിയായിട്ടില്ലെന്നിരിക്കെ സ്ഥാനാർഥിയെ സന്ദർശിക്കുക വഴി ഡിജിപി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ഇതു മോശമായ കീഴ്വഴക്കങ്ങൾക്കു പ്രേരണയാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി.
രേവന്ത് റെഡിയെ സന്ദർശിക്കാൻ ഡിജിപിയ്ക്കൊപ്പമുണ്ടായിരുന്ന സ്റ്റേറ്റ് പോലീസ് നോഡൽ ഓഫീസർ സഞ്ജയ് കുമാർ ജയിൻ, എക്സ്പെൻഡിച്ചർ വിഭാഗം നോഡൽ ഓഫീസർ മഹേഷ് എം. ഭഗവത് എന്നിവരോട് സന്ദർശനത്തിനിടയാക്കിയ സാഹചര്യം വ്യക്തമാക്കി വിശദീകരണം നൽകാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.