ചരിത്രം; യുദ്ധക്കപ്പലിൽ വനിതാ കമാൻഡിംഗ് ഓഫീസർ
Sunday, December 3, 2023 1:28 AM IST
ന്യൂഡൽഹി: നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി യുദ്ധക്കപ്പലിന്റെ തലപ്പത്ത് സ്ത്രീസാന്നിധ്യം. വെസ്റ്റേണ്‍ സീബോർഡിലാണ് രാജ്യത്തെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസർ ചുമതലയേറ്റതെന്ന് നാവികസേനാ മേധാവി ആർ. ഹരികുമാർ അറിയിച്ചു. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്നും പ്രീകമ്മിഷൻകൂടി പൂർത്തിയാവേണ്ടതുണ്ടെന്നും നാവികസേന വ്യക്തമാക്കി.
സേനയിലെ എല്ലാ റാങ്കുകളും എല്ലാ പദവികളും സ്ത്രീകൾക്കുംകൂടി പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നിർണായക ചുവടുവയ്പാകും ഈ നിയമനമെന്ന് നാവികസേനാ മേധാവി പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ ഐഎൻഎസ് ചിൽകയിൽ ആദ്യബാച്ച് അഗ്നിവീറുകൾ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇതിൽ 272 പേർ സ്ത്രീകളായിരുന്നു.
നിലവിലെ ബാച്ചിൽ 454 സ്ത്രീകളുണ്ട്. മൂന്നാമത്തെ ബാച്ചു കൂടി പരിശീലനം പൂർത്തിയാക്കുന്നതോടെ ഇത് ആയിരം കടക്കുമെന്നും നാവികസേനാ ദിനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആർ. ഹരികുമാർ അറിയിച്ചു.
നിലവിൽ ഇന്ത്യൻ സൈന്യത്തിൽ 7,093 സ്ത്രീകളാണ് വിവിധ റാങ്കുകളിലായി സേവനം അനുഷ്ഠിക്കുന്നത്. ഇതിൽ 748 പേർ നേവിയിലുണ്ട്. 1636 വനിതാ ഓഫിസർമാരാണ് വ്യോമസേനയിലുള്ളത്.