പാർലമെന്റ് സർവകക്ഷി യോഗം ഇന്ന്
Saturday, December 2, 2023 2:03 AM IST
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായുള്ള സർവകക്ഷി യോഗം ഇന്ന്. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലിന്റെ തിരക്ക് നാളെ ഉള്ളതിനാലാണ് തിങ്കളാഴ്ച മുതൽ 22 വരെ നീളുന്ന സമ്മേളനത്തിനു മുന്നോടിയായുള്ള വിവിധ പാർട്ടി നേതാക്കളുടെ യോഗം ഇന്നു ചേരുന്നത്.
തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള എത്തിക്സ് കമ്മിറ്റിയുടെ ശിപാർശ പാർലമെന്റിൽ സമർപ്പിക്കും. ഇതേച്ചൊല്ലി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുമെന്നതിനാൽ ആദ്യ ദിവസങ്ങളിൽ തന്നെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകും.
മഹുവയെ ലോക്സഭയിൽനിന്നു പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ച് പാസാക്കാനാണ് ബിജെപിയുടെ പരിപാടി. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കുന്നതിനു മുന്പ് കടുത്ത നടപടി സ്വീകരിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്യും.
പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച ഇന്നത്തെ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിടയില്ല. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രാജ്യസഭയിലെ നേതാവ് പിയൂഷ് ഗോയലും മുതിർന്ന പ്രതിപക്ഷ നേതാക്കളും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും. പതിനഞ്ചു ദിവസത്തെ സമ്മേളനത്തിനിടെ നിരവധി സുപ്രധാന ബില്ലുകളും 2023-24 വർഷത്തേക്കുള്ള ഉപധനാഭ്യർഥനകളും പാസാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം.
നിലവിൽ 37 ബില്ലുകളാണ് പാർലമെന്റിന്റെ പരിഗണനയിലുള്ളത്. ഇതിൽ 12 എണ്ണം സമ്മേളനത്തിൽ പാസാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം പുതിയ ഏഴു ബില്ലുകൾ അവതരിപ്പിക്കാനും പാസാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാനിയമം (ഐപിസി), ക്രിമിനൽ പ്രൊസീജർ കോഡ്, തെളിവു നിയമം എന്നിവയ്ക്കു പകരമായുള്ള മൂന്നു സുപ്രധാന ബില്ലുകൾ പാസാക്കിയേക്കും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറുടെയും കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ചതാണ് മറ്റൊരു പ്രധാന ബില്ല്.