ഭൂമി തരംമാറ്റൽ: ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി
Saturday, December 2, 2023 2:03 AM IST
ന്യൂഡൽഹി: തരം മാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലാണെങ്കിൽ അധികമുള്ള സ്ഥലത്തിന്റെ ഫീസ് അടച്ചാൽ മതിയെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.
അധികമുള്ള സ്ഥലത്തിന്റെ മാത്രം ന്യായവിലയുടെ പത്തു ശതമാനം ഫീസടച്ചാൽ മതിയെന്ന ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നടപടി.
ചെറിയ അളവിൽ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാനാണ് 25 സെന്റ് വരെയുള്ള ഭൂമിയുടെ തരംമാറ്റത്തിനു സർക്കാർ ഫീസിളവ് നൽകിയിരിക്കുന്നതെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 27 എ വകുപ്പ് പ്രകാരം 25 സെന്റ് വരെയുള്ള ഭൂമിക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. അതിൽ കൂടുതലുള്ള ഭൂമി തരം മാറ്റുകയാണെങ്കിൽ ആകെയുള്ള ഭൂമിയുടെ പത്തു ശതമാനം ന്യായവില അനുസരിച്ച് ഫീസ് ഈടാക്കാൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
ഇളവ് ചെറുകിട ഭൂമി ഉടമകളെ സഹായിക്കാൻ മാത്രം ഉള്ളതാണെന്നും 2021 ഫെബ്രുവരി 25ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകർ വിശദീകരിച്ചു.
തുടർന്നാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പടുവിച്ചത്. ഭൂമി തരം മാറ്റുന്പോൾ 25 സെന്റിന് ശേഷമുള്ള അധികഭൂമിക്കു മാത്രം ഫീസ് വാങ്ങിയാൽ മതിയെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും ഉത്തരവിട്ടിരുന്നത്.