മെഡിക്കൽ ഏകീകൃത കൗൺസലിംഗ് വിദ്യാർഥികൾക്ക് ഗുണകരം
Saturday, December 2, 2023 2:03 AM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത കൗൺസലിംഗ് നിലവിൽവരുന്നതോടെ ഒന്നിലേറെത്തവണ രജിസ്റ്റർചെയ്യുന്നത് ഒഴിവാകുന്നതുൾപ്പെടെ വിദ്യാർഥികൾക്ക് ഏറെ ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നു ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഏകീകൃത കൗൺസിലിംഗിലൂടെ സംസ്ഥാന മെഡിക്കൽ കൗൺസിലുകളുടെ നടപടികൾ കൂടുതൽ സുതാര്യമാകും.
ഇപ്പോൾ സർക്കാർ മെഡിക്കൽ കോളജുകളിലെ 15 ശതമാനം സീറ്റുകളും കൽപിത സർവകലാശാലകളിലെ മുഴുവൻ സീറ്റുകളിലേക്കും അഖിലേന്ത്യാ തലത്തിലാണ് കൗൺസലിംഗ്. ഗവൺമെന്റ് മെഡിക്കൽ കോളജുകളിലെ അവശേഷിക്കുന്ന 85 ശതമാനം സീറ്റുകളിലേക്ക് സംസ്ഥാനതലത്തിലും കൗൺസലിംഗ് നടത്തിവരുന്നു.
ഈ സാഹചര്യത്തിൽ വിദ്യാർഥികൾ വെവ്വേറെ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇതുവരെയുള്ള നിർദേശം. പുതിയ സാഹചര്യത്തിൽ ഇതൊഴിവാകും. കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ കൗൺസലിംഗ് നവംബറിലാണ് പൂർത്തിയായത്. ഏറെസമയം ഇതിനായി ചെലവഴിക്കേണ്ടിവരുന്നു എന്നു കണ്ടതിനാലാണ് പുതിയ നിർദേശം.