ബംഗളൂരുവിൽ 48 സ്കൂളുകൾക്ക് ബോംബ് ഭീഷണി
Saturday, December 2, 2023 1:09 AM IST
ബംഗളൂരു: ബംഗളൂരുവിലെ 48 സ്വകാര്യ സ്കൂളുകൾക്ക് ബോംബ് ഭീഷണി. ഇന്നലെ രാവിലെയാണ് ഭീഷണി സന്ദേശമടങ്ങിയ ഇ-മെയിൽ സ്കൂളുകൾക്കു ലഭിച്ചത്.
സംഭവം സ്കൂൾ അധികൃതർ ഉടൻതന്നെ പോലീസിനെ അറിയിച്ചു. ഭീഷണി വാർത്ത പുറത്തുവന്നതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളുകളിലെത്തി. പോലീസ് എത്തി വിദ്യാർഥികളെയും ജീവനക്കാരെയും ഉടൻതന്നെ സ്കൂൾ പരിസരത്തുനിന്ന് ഒഴിപ്പിച്ചു.
പോലീസും ബോംബ് സ്ക്വാഡും നടത്തിയ തെരച്ചിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഒരേ ഐഡിയിൽനിന്നാണു സ്കൂളുകൾക്കെല്ലാം ഇ-മെയിൽ ലഭിച്ചത്. വ്യാജ ഭീഷണിയാണെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ജാഗ്രത പാലിക്കാനും ഭീഷണി സന്ദേശത്തിനു പിന്നിലുള്ളവരെ കണ്ടെത്താനും പോലീസിനു നിർദേശം നൽകിയിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബോംബ് ഭീഷണി ലഭിച്ച ഒരു സ്കൂളിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സന്ദർശനം നടത്തി. അതേസമയം, kharijites @beeble.com എന്ന ഇ-മെയിൽ ഐഡിയിൽനിന്നാണ് സന്ദേശം വന്നതെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.