ഉത്തരകാശി തുരങ്കം: രക്ഷാദൗത്യം 15-ാം ദിവസത്തിലേക്ക്
Monday, November 27, 2023 1:37 AM IST
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം 15-ാം ദിവസത്തിലേക്ക് കടന്നു.
ഡ്രില്ലിംഗിനിടെ ഇരുന്പുപാളിയിൽ ഇടിച്ചതിനെത്തുടർന്ന് ഓഗർ മെഷീന്റെ പ്രവർത്തനം തടസപ്പെട്ടതിനു പിന്നാലെ യന്ത്രസഹായത്തോടെയല്ലാതെ കുഴിക്കുന്നതിനായുള്ള നടപടികൾ ദൗത്യസംഘം ആരംഭിച്ചിട്ടുണ്ട്. ഇതിനായി കരസേനയും ട്രെഞ്ച്ലെസ് കന്പനിയുടെ സാങ്കേതികവിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.
തകരാറിലായിക്കിടക്കുന്ന ഓഗർ മെഷീന്റെ കേടായ ഭാഗങ്ങൾ സാങ്കേതിക വിദഗ്ധർ ആദ്യം നീക്കംചെയ്യും. ഇതിനായി ഒരു ദിവസം മുഴുവൻ വേണ്ടിവരുമെന്നാണു റിപ്പോർട്ട്. പ്രവർത്തനം തടസപ്പെടും മുന്‍പ് ഓഗർ മെഷീൻ 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. പിന്നാലെ ഇരുന്പുപാളികളിൽ തട്ടി പ്രവർത്തനം തടസപ്പെടുകയായിരുന്നു. തടസങ്ങൾ നീക്കിയാലുടൻ ഡ്രില്ലിംഗ് തുടരും.
രക്ഷാപ്രവർത്തകർ ഒരു സമ്മർദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമെന്നും ദേശീയ ദുരന്ത നിവാരണസേന ചൂണ്ടിക്കാട്ടി. തൊഴിലാളികളുമായി സംസാരിക്കാൻ തുരങ്കത്തിൽ ലാൻഡ് ലൈൻ സംവിധാനം ഏർപ്പെടുത്തിയെന്നും അതുവഴി തൊഴിലാളികൾക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാമെന്നും ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.