ലഷ്കർ ഭീകരരുടെ മൂന്നു സഹായികൾ ബാരാമുള്ളയിൽ പിടിയിൽ
Monday, November 27, 2023 1:37 AM IST
ശ്രീനഗർ: ലഷ്കർ- ഇ -തൊയ്ബ ഭീകരരുടെ സഹായികളായി ജമ്മു കാഷ്മീരിൽ പ്രവർത്തിച്ചുവന്ന മൂന്നു സഹായികളെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തു.
വടക്കൻ കാഷ്മീരിലെ ഝൂല പാലത്തിനു സമീപം പോലീസ് പട്രോളിംഗിനിടെ കമാൽകോട്ടിൽനിന്നു രണ്ടു പേർ സംശയാസ്പദമായി വരുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇവരുടെ രണ്ടു ബാഗുകളിലായി ചൈനീസ് ഗ്രനേഡുകളും 2.5 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.
കൂടുതൽ ചോദ്യംചെയ്തതോടെ മൻസൂർ അഹമ്മദ് ഭട്ടി എന്നയാളാണ് തങ്ങൾക്കു ഗ്രനേഡുകൾ തന്നതെന്നും ആക്രമണത്തിനായി സൂക്ഷിച്ചുവയ്ക്കണമെന്നു പറഞ്ഞതായും ഇവർ മൊഴി നല്കി. തുടർന്ന് ഭട്ടിയെ പോലീസ് പിടികൂടി. ഇയാളുടെ വീടിനു സമീപത്തുനിന്നു ചൈനീസ് ഗ്രനേഡും 2.17 ലക്ഷം രൂപയും പിടിച്ചെടുത്തു.