സൗമ്യ വിശ്വനാഥൻ കൊലക്കേസ്: പ്രതികൾക്ക് ജീവപര്യന്തം
Sunday, November 26, 2023 2:31 AM IST
ന്യൂഡൽഹി: മലയാളി ദൃശ്യമാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ഡൽഹി സാകേത് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നിവർക്ക് ജീവപര്യന്തവും അഞ്ചാം പ്രതി അജയ് സേഥിക്ക് മൂന്നു വർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.
15 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണു ശിക്ഷാവിധി. പ്രതികൾ നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും ഇവർക്കു പരമാവധി ശിക്ഷ നൽകുന്ന കാര്യം കോടതി പരിഗണിക്കണമെന്നും നടന്നത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
എന്നാൽ കേസിനെ അപൂർവങ്ങളിൽ അപൂർവമായി പരിഗണിക്കാനാകില്ലെന്നും അതിനാൽ പ്രതികൾക്കു വധശിക്ഷ നൽകുന്നില്ലെന്നും അഡീഷണൽ സെഷൻസ് ജഡ്ജി എസ്.രവീന്ദർ കുമാർ പാണ്ഡേ വ്യക്തമാക്കി. നഷ്ടമായതു മികച്ച മാധ്യമ പ്രവർത്തകയെയാണെന്നു പറഞ്ഞ കോടതി, സൗമ്യയുടെ നഷ്ടം നികത്താനാകില്ലെന്നും വ്യക്തമാക്കി.
ശിക്ഷാവിധിയിൽ സന്തോഷമുണ്ടെന്നും വധശിക്ഷ ആഗ്രഹിച്ചിരുന്നില്ലെന്നും സൗമ്യയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
2008 സെപ്റ്റംബർ 30 ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ടെലിവിഷൻ വാർത്താചാനലായ ഇന്ത്യാ ടുഡേയിലെ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. തുടർന്ന് അഞ്ചു പ്രതികൾ പോലീസ് പിടിയിലാകുകയായിരുന്നു.
മോഷണം ലക്ഷ്യമിട്ടാണു പ്രതികൾ സൗമ്യയ്ക്കുനേരേ വെടിയുതിർത്തതെന്നാണു പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഇവർക്കെതിരേ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്.
2009 മാർച്ചിൽ ഡൽഹിയിലെ കോൾ സെന്റർ ജീവനക്കാരിയായിരുന്ന ജിഗിഷ ഘോഷ് കൊല്ലപ്പെട്ട കേസിൽ രവി കുമാർ, അമിത് ശുക്ല എന്നിവർ പിടിയിലായതാണു 2008ലെ സൗമ്യ വധക്കേസിലും വഴിത്തിരിവായത്.
ജിഗിഷയെ കൊല ചെയ്യാനുപയോഗിച്ച നാടൻതോക്ക് സൗമ്യ കേസിലും നിർണായക തെളിവായി. പിന്നാലെ, കേസിലെ മറ്റുപ്രതികളായ ബൽജിത് മാലിക്, അജയ് സേഥി, അജയ്കുമാർ എന്നിവരും അറസ്റ്റിലായി.