ഉത്തരകാശി തുരങ്ക ദുരന്തം; രക്ഷാദൗത്യം നീളും
Sunday, November 26, 2023 2:30 AM IST
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കു തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം വീണ്ടും വൈകും.
തുരക്കാൻ ഉപയോഗിക്കുന്ന ഓഗർ മെഷീൻ തുടർച്ചയായി സാങ്കേതികപ്രശ്നം നേരിടുന്നതാണ് രക്ഷാപ്രവർത്തനം നീണ്ടുപോകാൻ കാരണം. യന്ത്രസഹായമില്ലാതെ തുരക്കാനുള്ള നീക്കത്തിലാണ് ദൗത്യസംഘം. ഇതിനായി ഓഗർ മെഷീൻ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്.
മൂന്നടി മാത്രം വ്യാസമുള്ള പ്രവേശനദ്വാരം വഴി ഉള്ളിൽ കടക്കുന്ന ഒരു തൊഴിലാളി രണ്ടുമണിക്കൂർ അവശിഷ്ടങ്ങൾ മാറ്റുന്ന പ്രവൃത്തിയിൽ ഏർപ്പെടും.
തുടർന്ന് അടുത്തയാളെ അയയ്ക്കും. സാധാരണ രീതിയിലുള്ള തുരക്കലിലേക്കു കടക്കുന്നതോടെ രക്ഷാപ്രവർത്തനം 18 മണിക്കൂർ വരെ വൈകാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.