ചോദ്യത്തിനു കോഴ: അന്വേഷണമാരംഭിച്ച് സിബിഐ
Sunday, November 26, 2023 2:30 AM IST
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരേ സിബിഐ അന്വേഷണം ആരംഭിച്ചു. ലോക്പാൽ നിർദേശപ്രകാരമാണു സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
ഇതിനുശേഷമാവും മഹുവയ്ക്കെതിരേ ക്രിമിനൽ കേസ് ഫയൽ ചെയ്യണോയെന്നു സിബിഐ തീരുമാനിക്കുക. പ്രാഥമിക അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യാനോ തെരച്ചിൽ നടത്താനോ സിബിഐക്കു കഴിയില്ലെങ്കിലും മഹുവയെ ചോദ്യം ചെയ്യാൻ കഴിയും.
മഹുവയ്ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു ബിജെപി എംപി നിഷികാന്ത് ദുബെയാണു ലോക്പാലിനെ സമീപിച്ചത്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പണവും ഉപഹാരങ്ങളും മഹുവ കൈപ്പറ്റിയെന്നു ചൂണ്ടിക്കാട്ടിയാണ് ദുബെ ലോക്പാലിൽ പരാതിനൽകിയത്. അഴിമതിവിരുദ്ധ അഥോറിറ്റിക്കു മുന്പാകെ സുപ്രീംകോടതി അഭിഭാഷകൻ ജയ് ആനന്ദ് ദെഹാദ്റായ് നൽകിയ കത്തും നിഷികാന്ത് ദുബെ ഹാജരാക്കി.