ഇന്ത്യയിലെ അഫ്ഗാൻ എംബസി അടച്ചുപൂട്ടി
Saturday, November 25, 2023 2:18 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി അടച്ചുപൂട്ടി. ഇന്ത്യൻ സർക്കാരിൽനിന്നു മതിയായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിലാണു തീരുമാനമെന്ന് അഫ്ഗാൻ എംബസി അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തീരുമാനം പ്രാബല്യത്തിൽ വന്നതായും എംബസി വ്യക്തമാക്കി. ഇതോടെ എല്ലാ അഫ്ഗാൻ നയതന്ത്രജ്ഞരും ഇന്ത്യ വിട്ടു.
സെപ്റ്റംബർ 30ന് എംബസി താത്കാലികമായി പ്രവർത്തനം നിർത്തിയിരുന്നു. ഇന്ത്യൻ സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. എന്നാൽ, കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങളുണ്ടായില്ല. തുടർന്നാണ് ഇപ്പോഴത്തെ നടപടി. എംബസി ഉദ്യോഗസ്ഥർക്കിടയിലുണ്ടായ ആഭ്യന്തരപ്രശ്നങ്ങളും നയതാത്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും അടച്ചുപൂട്ടലിന് കാരണമായെന്നാണു സൂചന.
ഇന്ത്യൻ സർക്കാരിൽനിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടർന്നാണ് എംബസിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് എംബസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അധികാരത്തിന്റെയും ജീവനക്കാരുടെയും പരിമിതി ഉണ്ടായിരുന്നെങ്കിലും അഫ്ഗാൻ പൗരന്മാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സാധിച്ചു. സാധാരണനിലയിൽ പ്രവർത്തനം പുനരാരംഭിക്കാനുള്ള അനുകൂല നിലപാട് ഇന്ത്യൻ സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
2021 ൽ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ പിടിച്ചെടുത്തശേഷവും ഡൽഹിയിലെ അഫ്ഗാൻ എംബസി പ്രവർത്തനം തുടർന്നിരുന്നു. അഷ്റഫ് ഗനി സർക്കാർ നിയമിച്ച ഫരീദ് മുംദ്സയുടെ നേതൃത്വത്തിലാണ് അഫ്ഗാൻ എംബസി പ്രവർത്തിച്ചിരുന്നത്.